പുൽപ്പള്ളി: കാട്ടാന അക്രമണവുമായി ബന്ധപ്പെട്ട് പുൽപ്പള്ളിയിലുണ്ടായ സംഘർഷങ്ങളിൽ രണ്ടു പേർ അറസ്റ്റിൽ. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുൽപ്പള്ളി സ്വദേശി വാസു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്.
കാട്ടാന അക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ 100 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെയാണ് പുൽപ്പള്ളി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഐ.പി.സി 283,143,147,149 വകുപ്പുകളാണ് ചുമത്തിയത്. വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ്.
വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയിട്ടുണ്ട്. കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കാട്ടാന ചവിട്ടിക്കൊന്ന പോളിന്‍റെ മൃതദേഹവും വഹിച്ചു കൊണ്ടായിരുന്നു പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയതോടെ പൊലീസ് ലാത്തിചാർജും നടത്തി.