തൃശ്ശൂർ കുന്നംകുളത്ത് കടകളിൽ വ്യാപക മോഷണം. ഏഴ് കടകളിൽ കള്ളൻ കയറി. മൂന്നിടത്ത് നിന്ന് പണം കവർന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. പോയ രാത്രിയാണ് കുന്നംകുളം മോഷണ പരന്പരയ്ക്ക് സാക്ഷിയായത്. കുന്നംകുളം ^ ഗുരുവായൂർ റോഡിൽ ഖാദി ഭവന് സമീപത്തുള്ള കടകളിലാണ് മോഷണം നടന്നത്.
ആകെ ഏഴിടത്ത് കള്ളൻ കയറി. മൂന്നിടങ്ങളിൽ നിന്ന് പണം മോഷ്ടിച്ചു. ജനസേവ കേന്ദ്രത്തിൽ നിന്ന് 3000 രൂപയും സി വി സ്റ്റോറിൽ നിന്ന് 3400 രൂപയും രാഗം വാച്ച് കടയിൽ നിന്നും 500 രൂപയും കവർന്നു. തൊട്ടടുത്തുള്ള സിബിൻ സ്റ്റേഷനറി സ്റ്റോർ, എം എസ് വിഷൻ വേൾഡ്, എംഎസ് കിച്ചൻ വേൾഡ് തുടങ്ങി നാലിടത്ത് കള്ളൻ കയറുകയും ചെയ്തു.
ഈ നാലിടത്തും പണം സൂക്ഷിച്ചിരുന്നില്ല എന്നതിനാൽ മോഷ്ടാവിന് ഒന്നും കിട്ടിയില്ല. ഇന്ന് പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് കവർച്ച നടന്നിട്ടുള്ളത്. സിസിടിവി ക്യാമറകൾ തകർത്ത ശേഷമായിരുന്ന മോഷണം. കുന്നംകുളം എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.












