തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലം ആഴംകോണത്ത് വൻകഞ്ചാവ് കഞ്ചാവ് വേട്ട. തമിഴ്നാട് രജിസ്ട്രേഷൻ കാറിൽ കടത്താൻ ശ്രമിച്ചത് 80 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവത്തിൽ തമിഴ്നാട് സ്വദേശി ശങ്കറിനെ എക്സൈസ് സംഘം പിടികൂടി. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു വ്യക്തി ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 6 മണിയോടുകൂടി കല്ലമ്പലം എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ നിന്ന് 80 കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പിടികൂടിയത്.
എക്സൈസ് സംഘം കൈ കാണിച്ചതിനെ തുടർന്ന് ശങ്കർ വാഹനം നിർത്തി. ഇതിനിടെ കാറിൽ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശങ്കറിനെ എക്സൈസ് ഉദ്യോഗസ്ഥർ പിന്തുർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 32 പാക്കറ്റുകളിലായി കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. വാഹന പരിശോധനയിൽ കാറിൽ നിന്നും ഓടി രക്ഷപ്പെട്ടയാളുടെ പേരിൽ തമിഴ്നാട്ടിൽ വിവിധ കോടതികളിൽ കേസുകൾ ഉള്ളതായി എക്സൈസ് സംഘം പറഞ്ഞു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ, ഇൻസ്പെക്ടർ ഷൈജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പിടിയിലായ ശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. വാഹനത്തിൽ നിന്നും ഓടി രക്ഷപ്പെട്ട ആളെ കുറിച്ചുള്ള അന്വേഷണം ഊർജ്ജതമാക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു.