മുംബൈ: അമ്മയ്ക്ക് പണം നൽകുന്നതും അവർക്കൊപ്പം സമയം ചെലവിടുന്നതും ഭർത്താവിനെതിരെയും ഭർതൃ വീട്ടുകാർക്കെതിരായ ഗാർഹിക പീഡന കുറ്റമായി കാണാനാവില്ലെന്ന് കോടതി. ഭർത്താവിനെതിരെയും ഭർതൃവീട്ടുകാർക്കെതിരെയും കോടതിയെ സമീപിച്ച 43കാരിയോടാണ് കോടതിയുടെ പ്രതികരണം. 43കാരിയുടെ ഗാർഹിക പീഡന പരാതി കോടതി തള്ളി. മുംബൈ അഡിഷണൽ സെഷൻസ് ജഡ്ജ് ആശിഷ് ആയചിട്ടിന്റേതാണ് തീരുമാനം.
2015ലാണ് യുവതി ഭർത്താവിനെതിരെ കോടതിയെ സമീപിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ് പദവിയിൽ ജോലി ചെയ്യുകയാണ് പരാതിക്കാരി. ഭർതൃമാതാവിന് നിരന്തരമായി ഭർത്താവ് പണം നൽകുന്നത് കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയേ ബാധിക്കുന്നതായും വിവാഹ ബന്ധത്തിൽ വിള്ളൽ വരാൻ കാരണമായെന്നും കാണിച്ചായിരുന്നു യുവതിയുടെ ഹർജി. അമ്മായി അമ്മയുടെ മാനസികാരോഗ്യത്തേക്കുറിച്ചുള്ള വിവരം ഭർതൃവീട്ടുകാർ വിവാഹത്തിന് മുൻപ് മറച്ചുവച്ചുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പരാതിക്കാരിയുടെ ആരോപണത്തിൽ സത്യം മറച്ചുവച്ചിരിക്കുകയാണെന്നാണ് കോടതി നിരീക്ഷിച്ചത്.
സ്വന്തം അമ്മയെ ഭർത്താവ് സംരക്ഷിക്കുന്നത് ഭാര്യയോടുള്ള തെറ്റായ പെരുമാറ്റമായി കാണാനാവില്ല. ഇത് ഗാർഹിക പീഡനമായി കാണാനാവില്ലെന്നും കോടതി വിശദമാക്കി. തനിക്കും മകൾക്കും ഭർത്താവ് നഷ്ടപരിഹാരം നൽകണമെന്നും യുവതി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 1993ലാണ് ദമ്പതികൾ വിവാഹിതരായത്. 2014ലാണ് ഇവർ ബന്ധം വേർപെടുത്തിയത്. ഇതിന് പിന്നാലെയാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാൽ രണ്ട് തവണ ആത്മഹത്യശ്രമം അടക്കം നടത്തിയ ഭർത്താവിന്റെ മാനസിക സംഘർഷം കൂടി കണക്കിലെടുക്കുന്നതായി വിശദമാക്കിയാണ് കോടതിയുടെ തീരുമാനം.
ഇവരുടെ ബന്ധം വേർപ്പെടുത്താൻ ഭാര്യയുടെ ക്രൂരത അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവിന്റെ ബാങ്ക് അക്കൌണ്ടിൽ നിന്ന് അനുമതി കൂടാതെ പണം എടുത്ത് സ്ഥലം വാങ്ങിയെന്നതടക്കമുള്ള ആരോപണങ്ങളാണ് ഭർത്താവ് യുവതിക്കെതിരെ ചുമത്തിയത്. ഇടക്കാല ആശ്വാസമെന്ന നിലയിൽ 43കാരിക്ക് 3000 രൂപ മാസം തോറും നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.