ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വെല്ലുവിളിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി വയനാട്ടിലല്ല, യു.പിയിലെ അമേഠിയിൽനിന്ന് മത്സരിക്കണമെന്നാണ് സ്മൃതി ഇറാനിയുടെ ആവശ്യം. 2019ൽ രാഹുൽ അമേഠിയെ ഉപേക്ഷിച്ചു. ഇപ്പോൾ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കിൽ വീണ്ടും അമേഠിയിൽ മത്സരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഏറെക്കാലം കോൺഗ്രസിന്റെ സ്വന്തമായിരുന്ന അമേഠിയിൽ നിന്നാണ് 2019ൽ തിരഞ്ഞെടുപ്പിലാണ് രാഹുൽ പരാജയപ്പെടുന്നത്. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി അന്നു വിജയിക്കുന്നത്. 80 ലോക്സഭാ സീറ്റുകളുള്ള യു.പിയിൽ 2019ൽ ഒരു സീറ്റു മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. റായ്ബറേലിയിൽനിന്ന് സോണിയ ഗാന്ധി പാർലമെന്റിലെത്തി. ഇത്തവണ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ റായ്ബറേലിയിൽ പുതിയ സ്ഥാനാർഥിയാണ് കോൺഗ്രസിനുവേണ്ടിയുണ്ടാവുക. ഭാരത് ജോഡോ ന്യായ് യാത്ര യു.പിയിലെത്തിയിരിക്കയാണിപ്പോൾ. ഇന്ന് രാത്രി അമേഠിയിൽ തങ്ങുന്ന സംഘം ചൊവ്വാഴ്ച റായ്ബറേലിയിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ എല്ലാ കക്ഷികളും പരസ്പര വിമർശനം രൂക്ഷമാക്കുകയാണ്.