ന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥും, മകനും എം.പിയുമായ നകുൽനാഥും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ കമൽനാഥ് പങ്കെടുക്കുമെന്ന് പാർട്ടി വ്യക്തമാക്കി.കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം ബി.ജെ.പിയും മാധ്യമങ്ങളും ചേർന്ന് നടത്തുന്നതാണെന്ന് മധ്യപ്രദേശിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ് പറഞ്ഞു. ‘പാർട്ടിയിലെ മുതിർന്ന നേതാവാണ് കമൽ നാഥ്. ഇന്നലെയും മിനിഞ്ഞാന്നും ഞാൻ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രയുടെ സംസ്ഥാനത്തെ ഒരുക്കത്തെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്’ -ജിതേന്ദ്ര സിങ് തിങ്കളാഴ്ച പറഞ്ഞു.
‘നാളെ ഭോപ്പാലിലേക്ക് പോകുന്നുണ്ട്. എം.എൽ.എമാരുമായും എം.പിമാരുമായും വിവിധ സമിതികളുമായും കൂടിക്കാഴ്ച നടക്കുന്നുണ്ട്. എല്ലാ യോഗങ്ങളിലും കമൽനാഥ് പങ്കെടുക്കും. ന്യായ് യാത്രയിൽ അദ്ദേഹത്തിന്‍റെ നിർദേശങ്ങൾ പാർട്ടിക്ക് പ്രധാനപ്പെട്ടതാണ്. യാത്രയിൽ അദ്ദേഹം തീർച്ചയായും പങ്കെടുക്കും’ -ജിതേന്ദ്ര സിങ് പറഞ്ഞു. എം.പി നകുൽനാഥും യാത്രയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യസഭ സീറ്റ് കോൺഗ്രസ് നിഷേധിച്ചതിനുപിന്നാലെയാണ് കമൽനാഥ് ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. രാജ്യസഭ സീറ്റ് നേടിയെടുക്കാനുള്ള സമ്മർദമെന്ന പോലെയാണ് ഊഹാപോഹം പ്രചരിച്ചത്. കമൽനാഥ് മൗനം പാലിക്കുകയും ചെയ്തു. രാജ്യസഭ സ്ഥാനാർഥിയായി അശോക് സിങ്ങിനെ കോൺഗ്രസ് ഹൈകമാൻഡ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ബി.ജെ.പിയിൽ ചേരുമോയെന്ന അഭ്യൂഹങ്ങളെ തള്ളാതെയും കൊള്ളാതെയുമാണ് കമൽനാഥ് ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ചത്. ബി.ജെ.പിയിലേക്കാണോ എന്ന ചോദ്യത്തിന് ‘ആരോടും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല’ എന്ന് മാത്രമാണ് കമൽനാഥ് മറുപടി നൽകിയത്. ‘അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങളെ അറിയിക്കും’ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മധ്യപ്രദേശിൽ കോൺഗ്രസിന്റെ ഏക എം.പിയാണ് കമൽനാഥിന്‍റെ മകൻ നകുൽ നാഥ്. സമൂഹ മാധ്യമങ്ങളിലെ തന്റെ മേൽവിലാസങ്ങൾക്കൊപ്പം ഇതുവരെ ഉണ്ടായിരുന്ന കോൺഗ്രസിന്റെ പേര് നകുൽ നാഥ് ദിവസങ്ങൾക്ക് മുമ്പ് നീക്കിയത് അഭ്യൂഹം ശക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും ചിന്ദ്വാഡയിൽ സ്ഥാനാർഥിയായിരിക്കുമെന്ന് നകുൽ നാഥ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിക്കാര്യങ്ങളിൽ കോൺഗ്രസ് തീരുമാനമൊന്നും എടുക്കാതിരിക്കെത്തന്നെയാണിത്.