മുംബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറാത്ത വിഭാഗക്കാർക്ക് 10 ശതമാനം സംവരണം നൽകുന്ന ബിൽ പാസാക്കി മഹാരാഷ്ട്ര നിയമസഭ. മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമീഷൻ രണ്ടര കോടിയോളം കുടുംബങ്ങളിൽ സർവേ നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംവരണ ബിൽ പാസാക്കിയത്. നിലവിലുള്ള ക്വോട്ടയിൽ ഭംഗം വരുത്താതെയാണ് മറാത്തക്കാർക്ക് സംവരണം നിർദേശിച്ചതെന്ന് ബിൽ നിയമസഭയിൽ വെച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടു.
അതേസമയം, ബില്ലിനെ വഞ്ചനയെന്നാണ് മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജറാങ്കെ പാട്ടീൽ വിശേഷിപ്പിച്ചത്. ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിരാഹാര സമരം ആരംഭിച്ചിരുന്നു. ‘തെരഞ്ഞെടുപ്പും വോട്ടും മനസ്സിൽ വെച്ചാണ് സർക്കാരിന്റെ ഈ തീരുമാനം. ഇത് മറാത്ത സമുദായത്തോടുള്ള വഞ്ചനയാണ്. മറാത്ത സമുദായം നിങ്ങളെ വിശ്വസിക്കില്ല. യഥാർഥ ആവശ്യങ്ങൾ പരിഗണിച്ചാൽ മാത്രമേ ഞങ്ങൾക്ക് പ്രയോജനം ലഭിക്കൂ. ഈ സംവരണം നിലനിൽക്കില്ല. സംവരണം നൽകിയെന്ന് സർക്കാർ ഇനി കള്ളം പറയും’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, മുസ്‍ലിം വിഭാഗക്കാർക്ക് സംവരണം നൽകണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. അഞ്ച് ശതമാനം സംവരണം നൽകണമെന്ന ആവശ്യം ഉന്നയിക്കുന്ന ബാനറുമായി സമാജ്‍വാദി പാർട്ടി എം.എൽ.എ അബു ആസ്മി നിയമസഭക്ക് പുറത്ത് പ്രതിഷേധിച്ചു. മുസ്‍ലിംകൾക്ക് കൂടി സംവരണ ആനുകൂല്യം നൽകണമെന്ന് മറ്റൊരു എസ്.പി എം.എൽ.എ റായിസ് ഷെയ്ഖ് ആവശ്യപ്പെട്ടു.
‘മറാത്ത സമുദായത്തിന് മുൻ സർക്കാർ സംവരണം നൽകിയപ്പോൾ അതേദിവസം തന്നെ മുസ്‍ലിംകൾക്ക് അഞ്ച് ശതമാനം സംവരണം നൽകുന്ന വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാൽ, ഇന്ന് മറാത്ത സമുദായത്തിന് നീതി ലഭിക്കുന്നത് നമ്മൾ സ്വാഗതം ചെയ്യുന്നതും മുസ്‍ലിം സമുദായം അവഗണിക്കപ്പെടുന്നതുമാണ് നാം കാണുന്നത്. വിജ്ഞാപനം പരിശോധിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർഥിക്കുന്നു. നീതി നടപ്പാക്കുമ്പോൾ എല്ലാവരോടും നീതി പുലർത്തുക -റായിസ് ഷെയ്ഖ് പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗക്കാരോട് അനീതി കാണിക്കില്ലെന്ന് വാഗ്ദാനം നൽകിയ ഉപമുഖ്യമന്ത്രി അജിത് പവാർ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് 10 ശതമാനത്തിലധികമാണ് മുസ്‍ലിം ജനസംഖ്യ. സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിൽ മുസ്‍ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ 2004ലെ ജസ്റ്റിസ് രംഗനാഥ് മിശ്ര കമീഷനും 2006ലെ ജസ്റ്റിസ് രജീന്ദർ സച്ചാർ കമീഷനും കണക്കുകൾ നിരത്തി ചൂണ്ടിക്കാണിച്ചിരുന്നു. 2009ൽ കോൺഗ്രസ് സർക്കാർ ഡോ. മഹ്മൂദുർ റഹ്മാൻ കമ്മിറ്റിയെ ഇതിനെ കുറിച്ച് പഠിക്കാൻ നിയോഗിക്കുകയും ജോലിയിലും വിദ്യാഭ്യാസത്തിലും എട്ട് ശതമാനം സംവരണം നിർദേശിക്കുകയും ചെയ്തു. കോൺഗ്രസ്-എൻ.സി.പി സർക്കാർ ഓർഡിനൻസിലൂടെ മുസ്‍ലിംകൾക്ക് സംവരണം നൽകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.