റിയാദ്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെടുന്ന കരട് പ്രമേയം ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക വീറ്റോ ചെയ്തത് അതീവ ദുഃഖകരമെന്ന് സൗദി അറേബ്യ. ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അറബ് രാജ്യങ്ങൾക്ക് വേണ്ടി അൾജീരിയ സമർപ്പിച്ച പ്രമേയത്തിനെതിരെ ചൊവ്വാഴ്ചയാണ് അമേരിക്ക വീറ്റോ പ്രയോഗിച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിശ്വാസ്യതയോടെയും ഇരട്ടത്താപ്പ് കൂടാതെയും നിലനിർത്താൻ അർപ്പിതമായ ഉത്തരവാദിത്തവും നിർവഹിക്കണമെങ്കിൽ സുരക്ഷാ കൗൺസിന്‍റെ നിലവിലെ ഘടനയും അധികാരങ്ങളും പരിഷ്‌കരണത്തിന് വിധേയമാകേണ്ടതുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായി ഇസ്രായേലിന്‍റെ സൈനികാക്രമണങ്ങൾ രൂക്ഷമാകുന്നതിനെയും കുറിച്ച് ലോകത്തിന് അവബോധമുണ്ടായിരിക്കണമെന്നും സൗദി ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
അന്താരാഷ്‌ട്ര പ്രമേയങ്ങൾക്കനുസൃതമായി ഫലസ്‌തീൻ പ്രശ്‌നത്തിൽ സംവാദത്തിനും സമാധാനപരമായ പരിഹാരത്തിനുമുള്ള ശ്രമത്തിന് ഈ നിലപാട് ഉപകരിക്കില്ലെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.