തിരുവനന്തപുരം: സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം. വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ നവകേരള സ്ത്രീ സദസ് നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സമൂഹത്തിലെ വിവിധ മേഖലകളിലെ 2000 ത്തോളം സ്ത്രീകള്‍ പങ്കെടുക്കും. രാവിലെ എട്ട് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും എത്തുന്ന വനിതകള്‍ക്കായി ജില്ലാ അടിസ്ഥാനത്തില്‍ 14 രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ വേദിക്ക് സമീപം സജ്ജമാക്കി. പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ലഘു ഭക്ഷണം ഉച്ചഭക്ഷണം തുടങ്ങിയവയും ഒരുക്കി. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമുള്ള കുടിവെള്ളവും വിതരണം ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനവും ഉണ്ടാകും. ആംബുലന്‍സ് അടക്കമുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വിവിധ വകുപ്പുകളുടെ സ്റ്റാളുകളും വേദിയില്‍ ഉണ്ടാകും.
സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്. അഭിപ്രായങ്ങള്‍ എഴുതി നല്‍കാനും അവസരം ഉണ്ടാകും. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍, നിര്‍ദേശങ്ങള്‍, നൂതന ആശയങ്ങള്‍ എല്ലാം സദസില്‍ പങ്കുവെക്കും.