കൊച്ചി : ഗൂഢാലോചന കേസിൽ നടൻ ദിലീപിന് നാളെ നിർണായക ദിനം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും എല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപും നൽകിയ മറുപടി പരിഗണിച്ചാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. മുൻകൂർ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലെ പ്രോസിക്യൂഷൻ രേഖാമൂലം കോടതിയിൽ ചില കാര്യങ്ങൾ എഴുതി നൽകിയിരുന്നു. ഇതിലാണ് ദിലീപടക്കമുളളവർക്കെതിരെ തെളിവുകൾ നിരത്തിയത്.
ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിൽ ഇട്ട് തട്ടിയേക്കണം എന്നാണ് ദിലീപ് സഹോദരൻ അനൂപിനോട് പറഞ്ഞത്. 2018 മേയിൽ ആലുവ പോലീസ് ക്ലബിന് മുന്നിലൂടെ പോകുമ്പോൾ ഇവമ്മാരെയെല്ലാം കത്തിക്കണമെന്ന് ദിലീപ് പറഞ്ഞു. എ.വി ജോർജ്, എ.ഡി.ജി. പി സന്ധ്യാ എന്നിവർക്കായി രണ്ട് പ്ലോട്ടുകൾ മാറ്റിവെച്ചിട്ടുണ്ടെന്ന സലീം എന്ന എൻ ആർ ഐ ബിസിനസുകാരനോട് ദിലീപ് പറഞ്ഞതായി മൊഴിയുണ്ട്.ഇതിനിടെ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്തുവന്നു. ബാലചന്ദ്രകുമാര്‍ ദിലീപിന് അയച്ച ഓഡിയോയാണ് പുറത്തുവന്നത്. കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. സിനിമ നാലുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കടക്കാരോട് ദിലീപ് പറയണമെന്നും ബാലചന്ദ്രകുമാര്‍ ഓഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.
‘ഒരാള്‍ക്ക് പത്തര ലക്ഷവും ഒരാള്‍ക്ക് എട്ടര ലക്ഷവും ഞാന്‍ കൊടുക്കാനുണ്ട്. ഈ കടക്കാരെന്നെ കിടന്നുറങ്ങാന്‍ സമ്മതിക്കുന്നില്ല. സത്യം പറഞ്ഞാല്‍ മാനസിക നില തെറ്റിയ അവസ്ഥയിലാണ്. സാജിദിനോട് ഞാനിക്കാര്യം പറഞ്ഞു. നിങ്ങളൊരു കാര്യം ചെയ്യ് ദിലീപ് സാറിനോട് പറഞ്ഞിട്ട് ഈ രണ്ടുപേരോടും എനിക്കുവേണ്ടി, ഒരു സുഹൃത്തെന്ന നിലയില്‍, ബാലുവിന്റെ സിനിമ താമസിയാതെ നടക്കുമെന്നും ബാലുവിന് മൂന്നാലുമാസം സമയം കൂടി കൊടുക്കണമെന്നും പറയണം.
ഇത്രയും വര്‍ഷക്കാലം ഞാന്‍ സാറിന്റെ കൂടെ നടന്നു, എന്നെ നടത്തിച്ചു. ദിലീപ് സാറിന് എന്നെ മറക്കാന്‍ കഴിയില്ല. ഒരു സുഹൃത്തെന്ന നിലയില്‍ ഈ ഒരു ഫേവര്‍ സാര്‍ എനിക്കുവേണ്ടി ചെയ്തുതരണം. എനിക്കിനി സിനിമ വേണ്ട. അതുംപറഞ്ഞ് ഞാന്‍ വരില്ല. ഈയൊരു കാര്യം ചെയ്തുതന്നാല്‍ മതി. എന്ന് ഞാന്‍ പറഞ്ഞു. ഇതായിരുന്നു എന്റെ അവസാന റിക്വസ്റ്റ്’.ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടു. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിക്കുന്ന വാട്‌സാപ്പ് ചാറ്റാണ് പുറത്തുവിട്ടത്. നടിയെ ആക്രമിക്കുന്ന കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ പേരും ചാറ്റിലുണ്ട്. ദിലീപ് പുറത്തുവിട്ട ശബ്ദരേഖയില്‍ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇതിന്റെ പൂര്‍ണരൂപം തന്റെ കയ്യിലുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ അഭിഭാഷകന്‍ 2021 ഏപ്രില്‍ 14ന് ബാലചന്ദ്രകുമാര്‍ ദിലീപിനയച്ച ഓഡിയോ ക്ലിപ്പ് കോടതിക്ക് മുന്‍പാകെ ഹാജരാക്കുന്നത്. ഓഡിയോയില്‍ ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു. 2020 നവംബറിലാണ് അവസാനമായി ദിലീപിനോട് ബാലചന്ദ്രകുമാര്‍ വാട്‌സ്ആപ്പില്‍ സംസാരിക്കുന്നതെന്നാണ് ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴി. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഓഡിയോ ക്ലിപ്പെന്നും പ്രതിഭാഗം വാദിച്ചു.