കൊച്ചി: എറണാകുളത്ത് കഞ്ചാവ് വേട്ട. എറണാകുളം ഏലൂർ ചിറകുഴിയിൽ 7.8 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. ഇടപ്പള്ളി സ്വദേശി നന്ദകുമാർ ആണ് പൊലീസിന്‍റ പിടിയിലായത്. നന്ദകുമാർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ രാത്രി കാലങ്ങളിൽ യുവാക്കൾ എത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.
വരാപ്പുഴ എക്‌സൈസ് ഇൻസ്‌പെക്ടർ എം പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ പൊക്കിയത്. ആസാം സ്വദേശിയാണ് ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയതെന്നാണ് പൊലീസ് പറയുന്നത്. വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ കഞ്ചാവ് തൂക്കി വിൽക്കുന്നതിന് ആവശ്യമായ ത്രാസും, കഞ്ചാവ് വിറ്റ് കിട്ടിയ 6500 രൂപയും എക്സൈസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി യു ഋഷികേശൻ, പ്രിവൻറ്റീവ് ഓഫീസർമാരായ അനീഷ് ജോസഫ്, സി ജി ഷാബു, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് അനൂപ്, പി എസ് സമൽദേവ്, സി ജി അമൽദേവ്, ധന്യ എംഎ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ആലപ്പുഴയിലും കഞ്ചാവ് പിടികൂടിയിരുന്നു. 19 .905 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പാർട്ടിയുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊക്കിയത്. ധൻബാദ് -ആലപ്പുഴ എക്സ്പ്രസ് ട്രെയിനിൽ ജനറൽ ബോഗിയിൽ നിന്നും രണ്ട് ബാഗുകളിൽ 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കസ്റ്റഡിയിലെടുത്തത്.