സഹോദരനോടൊപ്പം ബീച്ചിൽ കുഴി കുത്തുകയായിരുന്ന പെൺകുട്ടി അതേ കുഴിയിൽ തന്നെ വീണ് ശ്വാസം മുട്ടി മരിച്ചു. 7 വയസ്സുള്ള പെൺകുട്ടിയാണ് ചൊവ്വാഴ്ച ഫ്ലോറിഡ ബീച്ചിൽ മരിച്ചത്. ഓരോ വർഷവും രാജ്യത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാറുണ്ട് എന്ന് അധികൃതർ പറയുന്നു. ബീച്ചിൽ തൻ്റെ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു സ്ലോൺ മാറ്റിംഗ്ലി എന്ന പെൺകുട്ടി. അവളുടെ 9 വയസ്സുള്ള സഹോദരൻ മഡോക്സിനൊപ്പം മണലിൽ കളിക്കുകയായിരുന്നു അവൾ. എന്നാൽ, ഇരുവരും ചേർന്ന് കുഴിച്ച കുഴി തകർന്ന് അതിലേക്ക് വീണ് പോവുകയായിരുന്നു കുട്ടി. മണൽ വന്ന് മൂടിയതോടെ കുട്ടി മുഴുവനായും മണലിനടിയിൽ പെടുകയും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു.
എമർജൻസി നമ്പറായ 911 -ലേക്ക് വിളിയെത്തിയതിനെ തുടർന്നാണ് പൊലീസ് സംഭവ സ്ഥലത്തെത്തിയത്. അപ്പോഴേക്കും അവിടെ ആളുകൾ കൂടിയിരുന്നു. അവിടെ നിന്നിരുന്ന ഒരു സ്ത്രീ പൊലീസിനോട് പറഞ്ഞത് ‘ആ മണലിനടിയിൽ ഒരു പെൺകുട്ടിയുണ്ട്. അവളുടെ ശരീരഭാഗങ്ങളൊന്നും പുറത്ത് കാണുന്നില്ല’ എന്നാണ്. അതിനിടയിൽ കുട്ടിയുടെ അമ്മ ‘എന്റെ മകൾ അതിനകത്തുണ്ട്, ആരെങ്കിലും രക്ഷിക്കണേ’ എന്ന് നിലവിളിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു.
നാലോ അഞ്ചോ അടി ആഴവും നാലോ അഞ്ചോ അടി വീതിയുമുള്ള കുഴിയിലാണ് കുട്ടികൾ വീണത്. ആൺകുട്ടിയുടെ നെഞ്ച് വരെ മണലിനടിയിൽ ആയിരുന്നെങ്കിൽ പെൺകുട്ടി മുഴുവനായും മൂടിപ്പോവുകയായിരുന്നു. എന്നാലും, ഇത്ര വലിയ കുഴി എങ്ങനെ ഇവിടെ രൂപപ്പെട്ടു. കുട്ടികൾക്ക് അത്ര വലിയൊരു കുഴി കുഴിക്കാൻ സാധ്യമാണോ എന്നെല്ലാം അന്വേഷണം നടക്കുകയാണ്.
അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം എന്നാണ് സംഭവത്തെ കുറിച്ച് അധികൃതർ പറയുന്നത്. വർഷത്തിൽ മൂന്ന് പേരെങ്കിലും ഇവിടെ മണലിൽ രൂപപ്പെടുന്ന കുഴികളിൽ വീണ് മരിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.