തിരുവനന്തപുരം: ആറു ജില്ലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ താപനില വീണ്ടും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് താപനില ഉയരുക. ഈ ജില്ലകളിൽ ജാഗ്രത നിർദേശത്തിന്റെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.