മധുര: തമിഴ്‌നാട്ടിൽ ഡി.എം.കെക്ക് തുടർഭരണം ലഭിച്ചാൽ സംസ്ഥാനത്തെ ജനങ്ങളെ രക്ഷിക്കാൻ ദൈവത്തിന് പോലും കഴിയില്ലെന്ന് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. ബുധനാഴ്ച വിമാനത്താവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധുരയിലെ ടൈഡൽ പാർക്ക് ഉൾപ്പെടെയുള്ള കൂടുതൽ പദ്ധതികൾ ഡി.എം.കെ സർക്കാർ മുൻ ബജറ്റുകളിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ഇ.പി.എസ് പറഞ്ഞു. വിമാനത്താവള റൺവേ നീട്ടുന്ന ജോലികളും മെട്രോ റെയിൽ പദ്ധതിയും നിഷ്‌ക്രിയമായി. എ.ഐ.എ.ഡി.എം.കെ കൊണ്ടുവന്ന പദ്ധതികളിൽ ഡി.എം.കെയുടെ സ്റ്റിക്കറുകൾ പതിപ്പിച്ച് ഈ ബജറ്റിൽ പുതിയ പദ്ധതികളായി പ്രദർശിപ്പിക്കലാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയിൽ നിന്ന് പലരും എ.ഐ.എ.ഡി.എം.കെയിൽ ചേരുന്നതിനെ കുറിച്ച ചോദ്യത്തിന്, ഏത് രാഷ്ട്രീയ നേതാവിനും ഇഷ്ടമുള്ള പാർട്ടിയിലേക്ക് കൂറുമാറാമെന്നും എ.ഐ.എ.ഡി.എം.കെ ജനാധിപത്യത്തിൽ അധിഷ്ടിതമായതിനാലാണ് അതെന്നും അദ്ദേഹം പറഞ്ഞു. ‘ഡി.എം.കെയിൽ സ്റ്റാലിന്റെ കുടുംബാംഗങ്ങളാണുള്ളത്. ഇതൊരു കമ്പനി പോലെയാണ്. മക്കൾ രാഷ്ട്രീയമാണവിടെ. എന്നാൽ, എ.ഐ.എ.ഡി.എം.കെയിൽ സാധാരണ കേഡർക്ക് പോലും പാർട്ടി നേതാവാകാൻ കഴിയും. ഇവിടെയാണ് ഇരുപാർട്ടികളും വ്യത്യസ്തമാകുന്നത്’ -അദ്ദേഹം പറഞ്ഞു.