തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപകരുടെ പൊതുസ്ഥലം മാറ്റത്തിൽ തുടർനടപടികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) തടഞ്ഞതോടെ സ്ഥലംമാറ്റ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് നിർത്തിവെച്ചു. ട്രൈബ്യൂണൽ ഉത്തരവിൽ തീർപ്പുണ്ടാകുന്നതുവരെ സ്ഥലംമാറ്റ നടപടികൾ നിർത്തിവെക്കുന്നതായും വീഴ്ച സംഭവിച്ചാൽ കോടതിയലക്ഷ്യമാകുമെന്നും ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. മാതൃജില്ലയിലേതിന് (ഹോംസ്റ്റേഷൻ) പുറമെ, സമീപ ജില്ലകളിലെയും ഓപൺ വേക്കൻസികളിലേക്കുള്ള സ്ഥലംമാറ്റത്തിനും ഇതരജില്ലകളിലെ സേവനത്തിലെ (ഔട്ട്സ്റ്റേഷൻ സർവിസ്) സീനിയോറിറ്റി പരിഗണിക്കണമെന്ന് നേരത്തേ ട്രൈബ്യൂണൽ ഉത്തരവ് നൽകിയിരുന്നു. സ്ഥലംമാറ്റത്തിനുള്ള കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോഴും ഇതുപാലിക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ 16ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും ഇതു പരിഗണിച്ചില്ല. തുടർന്നാണ് അധ്യാപകർ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചതും തുടർനടപടികൾ ഒന്നടങ്കം താൽക്കാലികമായി തടഞ്ഞ് ഉത്തരവ് നൽകിയതും.
10 ദിവസത്തിനകം സീനിയോറിറ്റി പരിഗണിച്ചുള്ള പട്ടിക തയാറാക്കി സമർപ്പിക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഉത്തരവ് പാലിക്കാതെ കരടു പട്ടിക പ്രസിദ്ധീകരിച്ച നടപടിക്കെതിരെ സമർപ്പിച്ച ഹരജിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ ട്രൈബ്യൂണൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ കേസ് വെള്ളിയാഴ്ച ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്. കേസിൽ തുടർനടപടിയിലേക്ക് ട്രൈബ്യൂണൽ പോയാൽ സ്ഥലംമാറ്റ നടപടികൾ കൂടുതൽ സങ്കീർണതയിലേക്കും നിയമക്കുരുക്കിലേക്കും പോയേക്കും. ഇതു മുന്നിൽക്കണ്ടാണ് നടപടികൾ നിർത്തിവെച്ച് സർക്കുലർ പുറപ്പെടുവിച്ചത്.
ജീവനക്കാർ പെരുവഴിയിൽ
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് മുഖവിലയ്ക്കെടുക്കാതെ കഴിഞ്ഞ 16ന് ഇറക്കിയ ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റ ഉത്തരവിലെ നടപടികൾ തടഞ്ഞതോടെ ജോലി ചെയ്തിരുന്ന സ്കൂളുകളിൽനിന്ന് വിടുതൽ വാങ്ങിയ അധ്യാപകർ പെരുവഴിയിൽ. സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് ഒട്ടേറെ അധ്യാപകർ കഴിഞ്ഞ ദിവസങ്ങളിൽ നേരത്തേ ജോലി ചെയ്ത സ്കൂളുകളിൽനിന്ന് വിടുതൽ വാങ്ങിയെങ്കിലും പുതിയ സ്കൂളുകളിൽ ജോയിൻ ചെയ്തിട്ടില്ല.
വ്യാഴാഴ്ച പല അധ്യാപകരും പുതിയ സ്കൂളുകളിൽ എത്തിയെങ്കിലും സ്ഥലംമാറ്റ നടപടികൾ നിർത്തിവെച്ചത് ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽമാർ ജോയിൻ ചെയ്യാൻ അനുവദിച്ചിട്ടില്ല. ഇവർ വിടുതൽ വാങ്ങിയ സ്കൂളുകളിൽ ഇതിനകം പുതിയ അധ്യാപകർ ജോയിൻ ചെയ്തിട്ടുമുണ്ട്. പഴയ സ്കൂളുകളിലേക്ക് തിരികെ പോകാനും പുതിയ സ്കൂളിൽ ജോയിൻ ചെയ്യാനും സാധിക്കാതെ ഈ അധ്യാപകർ പ്രതിസന്ധിയിലായി.
വിടുതൽ വാങ്ങിയ അധ്യാപകരെ പുതിയ സ്കൂളുകളിൽ ജോയിൻ ചെയ്യാൻ അനുവദിക്കുകയോ പഴയ സ്കൂളിൽ തിരികെ പ്രവേശിപ്പിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. കേസിൽ തുടർനടപടി വൈകിയാൽ എവിടെയും ജോയിൻ ചെയ്യാനാകാതെ പുറത്തുനിൽക്കുന്നത് സർവിസിനെ ബാധിക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്.
സ്ഥലംമാറ്റം കെ.എസ്.ടി.എയുടെ സമ്മർദപ്രകാരമെന്ന മന്ത്രിയുടെ തുറന്നുപറച്ചിൽ പുറത്ത്
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് നിലനിൽക്കെ ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം നടപ്പാക്കിയത് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ സമ്മർദപ്രകാരമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ തുറന്നുപറച്ചിൽ. ഇതുസംബന്ധിച്ച് കഴിഞ്ഞ ഒമ്പതിന് കണ്ണൂരിൽ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിലെ വിദ്യാഭ്യാസ സെമിനാറിൽ നടത്തിയ പ്രസംഗത്തിനിടെ മന്ത്രി നടത്തിയ പരാമർശത്തിന്റെ വിഡിയോ പുറത്തുവന്നു.
കെ.എസ്.ടി.എയുടെ ശക്തമായ അഭിപ്രായമായിരുന്നു ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റമെന്നും അതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പ്രസംഗത്തിൽ പറയുന്നു. സ്ഥലംമാറിപ്പോകുമ്പോൾ അധ്യാപകർക്ക് കുടുംബത്തെ മാറ്റിത്താമസിപ്പിക്കേണ്ടിവരും, അവസാനത്തെ പാഠഭാഗങ്ങൾ പഠിപ്പിക്കണം തുടങ്ങിയ സംശയങ്ങൾ ഇക്കാര്യത്തിലുണ്ടായിരുന്നു. ശിവരാജൻ സാറും (കെ.എസ്.ടി.എയുടെ ചുമതലയൊഴിഞ്ഞ ജനറൽ സെക്രട്ടറി) മറ്റും വന്ന് നിർബന്ധിച്ചപ്പോഴാണ് സ്ഥലംമാറ്റം നടക്കട്ടെ എന്ന് തീരുമാനിച്ചത്. ബുദ്ധിമുട്ടുണ്ടാവുകയാണെങ്കിൽ അവർതന്നെ ഏറ്റെടുക്കട്ടെ എന്ന് സൂചിപ്പിക്കുന്നെന്നും മന്ത്രി പ്രസംഗത്തിൽ പറയുന്നു. ഇതിനു ശേഷം കഴിഞ്ഞ 16നാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഔട്ട് സ്റ്റേഷൻ സർവിസ് പാലിച്ചില്ലെന്ന് കണ്ട് കഴിഞ്ഞദിവസം നടപടികൾ ട്രൈബ്യൂണൽ താൽക്കാലികമായി തടഞ്ഞു.