കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒരാൾ കൊയിലാണ്ടി പൊലീസിൽ നേരിട്ടെത്തി കീഴടങ്ങിയെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ശരീരത്തിൽ മഴുകൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നാലിലേറെ വെട്ടേറ്റു. കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നും പറയുന്നു. കാര്യമായ തർക്കമോ പ്രശ്നങ്ങളോ നിലനിൽക്കുന്ന പ്രദേശമല്ല. അതുകൊണ്ടുതന്നെ സിപിഎം നേതാവിന്റെ കൊലപാതകം നാടിനെ ഞെട്ടിച്ചിട്ടുണ്ട്.
കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥനാണ് (62) കൊല്ലപ്പെട്ടത്. കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആസൂത്രണം ചെയ്താണ് കൊല നടത്തിയതെന്നാണ് സൂചന.