കൽപറ്റ: വനമേഖലയുമായി ബന്ധപ്പെട്ട് താമസിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും കൃഷി വകുപ്പ് ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ആദ്യമായാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ജാത്തിരെ’ കാലാവസ്ഥ ഉച്ചകോടിയും ജൈവ വൈവിധ്യ കാര്‍ഷിക പ്രദര്‍ശന- വിപണന മേളയും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വരള്‍ച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍ ക്രിയാത്മക ഇടപെടല്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്‍ഷിക മേഖലയിലെ കൂട്ടായ്മകള്‍, രാഷ്ട്രീയ പ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ കാലവസ്ഥാ വ്യതിയാനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക ജൈവവൈവിധ്യ പ്രാധാന്യം, ബി.എം.സി കളുടെ പ്രവര്‍ത്തനം, കര്‍ഷക കൂട്ടായ്മ രുപീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലയില്‍ ഉച്ചകോടി നടക്കുന്നത്. പരിപാടിയില്‍ പദ്മശ്രീ ജേതാവ് ചെറുവയല്‍ രാമന്‍, ജില്ലയിലെ യുവ കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഇ വിനയന്‍, ടി.കെ അഫ്‌സത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം. മുഹമ്മദ് ബഷീര്‍, സീത വിജയന്‍, ജുനൈദ് കൈപ്പാണി, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.വാസുദേവന്‍, ബേബി വര്‍ഗീസ്, വ്യവസായ വാണിജ്യ ഡയറക്ട്രേറ്റ് മാനേജര്‍ ലിസിയാമ്മ സാമുവല്‍, നബാര്‍ഡ് ഡി.ജി.എം വി.ജിഷ, ജില്ലാ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി കണ്‍വീനര്‍ ടി.സി ജോസഫ്, ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.