കോഴിക്കോട് > കോഴിക്കോട് സൈബർ പാർക്കിൽ നിർമിച്ച ആധുനിക സൈബർ സ്പോർട്സ് അരീന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനത്തെ ഓരോ വാര്‍ഡിലും ഓരോ കളിസ്ഥലങ്ങള്‍ എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ഉദ്ഘടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്‍റെ സമഗ്ര കായികനയം തയ്യാറായിക്കഴിഞ്ഞു. പൗരന്മാരുടെ ആരോഗ്യപാലനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് നയം. ഇതിനായി ഓരോ പഞ്ചായത്തിലും ഓരോ കളിസ്ഥലങ്ങള്‍ എന്നതാണ് നയം വിഭാവനം ചെയ്യുന്നതെങ്കിലും ഓരോ വാര്‍ഡിലും ഓരോ കളിസ്ഥലങ്ങള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം വയ്ക്കേണ്ടത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടി സ്പോര്‍ട്സ് ഇക്കോണമി രൂപപ്പെടുത്തും. ഇതോടെ ലോകനിലവാരത്തിലുള്ള കായിക സൗകര്യങ്ങള്‍ സംസ്ഥാനത്ത് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജീവനക്കാരുടെ ക്ഷേമപദ്ധതികളുടെ ഭാഗമായാണ് സ്പോര്‍ട്സ് അരീന തുടങ്ങിയത്. 1017 ചതുരശ്രമീറ്റര്‍ വലുപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബോള്‍ ടര്‍ഫ്, 2035 ചതുരശ്രമീറ്റര്‍ വലുപ്പുമുളള സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ബാസ്കറ്റ് ബോള്‍ ടര്‍ഫ്, രണ്ട് ഷട്ടില്‍ ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവയാണ് സ്പോര്‍ട്സ് അരീനയില്‍ ഒരുക്കിയിട്ടുള്ളത്. ഐടി കമ്പനികളിലെ ജീവനക്കാർക്ക് മാത്രമാണ് അരീന പ്രയോജനപ്പെടുത്താനാവുക.
അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. മേയര്‍ ബീന ഫിലിപ്പ്, ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേൽക്കർ, സൈബര്‍പാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ടി സുരേഷ് കുമാര്‍, ഒളവണ്ണ പഞ്ചായത്തംഗം പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു