മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. മുടികൊഴിച്ചിൽ അകറ്റുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. അതിലൊന്നാണ് മൾബെറി. വേനൽക്കാലത്ത് ലഭ്യമാകുന്നതും ഏറെ പോഷകഗുണമുള്ളതുമായ പഴമാണ് മൾബെറി. മൾബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, കൂടാതെ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ പ്രധാന ധാതുക്കളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ഇയും വൈവിധ്യമാർന്ന കരോട്ടിനോയിഡ് ഘടകങ്ങളും മൾബെറി പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ച വർധിപ്പിക്കാൻ അവ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളായി പ്രവർത്തിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. മുടികൊഴിച്ചിൽ തടയാൻ മൾബെറി രണ്ട് രീതിയിൽ ഉപയോഗിക്കാം…
ഒന്ന്…
ആദ്യം മൾബെറി മിക്സിൽ പേസ്റ്റാക്കി അടിച്ചെടുക്കുക. ശേഷം തൈര് അല്ലെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് മുടിയിൽ തേച്ച്പിടിപ്പിക്കുക. ഈ പാക്ക് മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മുതൽ 60 മിനിറ്റ് നേരം ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.
രണ്ട്…
മൾബെറി പേസ്റ്റിലേക്ക് അൽപം ഒലീവ് ഓയിൽ ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ഒലീവ് ഓയിൽ ആൻ്റി ഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും ഈർപ്പമുള്ളതാക്കാനും സഹായിക്കും.
മൾബെറി കഴിച്ചാലുള്ള മറ്റ് ഗുണങ്ങൾ…
പതിവായി മിതമായ അളവിൽ മൾബറി പഴം കഴിക്കുന്നത് വയറിന് വളരെ നല്ലതാണ്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു. മൾബറിയിൽ റെസ്‌വെറാട്രോൾ എന്ന ഫ്ലെവനോയ്ഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൂടാതെ രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു. അങ്ങനെ ഹൃദയാഘാതം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മൾബറിയിൽ ജീവകം എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി മൾബറി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.