ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉത്തർ പ്രദേശിൽ ബിജെപി സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിൽ ഉണ്ടായിട്ടും ഉത്തർ പ്രദേശിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പ്രിയങ്ക വിമർശിച്ചു. 28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ യുപി പോലീസ് ടെസ്റ്റിൻ്റെ ചോദ്യപേപ്പർ ചോർന്നെന്നും പ്രിയങ്ക ആരോപിച്ചു. അനുഭവങ്ങൾക്കനുസരിച്ച് വോട്ട് ചെയ്താലെ മാറ്റമുണ്ടാകു എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മൊറാദാബാദിലാണ് പ്രിയങ്ക യാത്രയുടെ ഭാഗമായത്. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. റോബർട്ട് വദ്രയുടെ സ്വന്തം നാട് കൂടിയാണ് മൊറാദാബാദ്. നാളെ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് യാത്രയിൽ പങ്കെടുക്കും.