മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡമിർ പുടിന്റെ വിമർശകനുമായ അലക്സി നവാൽനിയുടെ മൃതദേഹം അമ്മക്ക് കൈമാറും. നവാൽനിയുടെ അമ്മ കിര യാർമിഷിന്റെ വക്താവാണ് മൃതദേഹം കൈമാറാൻ റഷ്യ സമ്മതിച്ചുവെന്ന വിവരം അറിയിച്ചത്. മൃതദേഹം കൈമാറണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭരണകൂടം വഴങ്ങിയതെന്ന് കിര യാർമിഷിന്റെ വക്താവ് എക്സിൽ കുറിച്ചു.
നവാൽനിയുടെ മരണാനന്തര ചടങ്ങുകൾ ഉടൻ നടക്കുമെന്നും വക്താവ് അറിയിച്ചു. രഹസ്യമായി മരണാനന്തര ചടങ്ങുകൾ നടത്താൻ നവാൽനിയുടെ മാതാവ് സമ്മതിച്ചിട്ടുണ്ട്. ഈ ആവശ്യം നിരസിച്ചിരുന്നുവെങ്കിൽ നവാൽനിയുടെ മൃതദേഹം ജയിൽ കോളനിയിൽ മറവുചെയ്യുമെന്ന് റഷ്യൻ സർക്കാർ അറിയിച്ചതായും ഇവരുടെ വക്താവ് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി ജയിലിനടുത്ത് തന്നെയായിരുന്നു നവാൽനിയുടെ അമ്മയുടെ താമസം. ആദ്യം മൃതദേഹമുള്ള സ്ഥലം മനസിലാക്കുകയും പിന്നീട് അത് വിട്ടുകിട്ടാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.
പിന്നീട് സ്വാഭാവിക മരണമാണ് നവാൽനിയുടേത് എന്ന് പറയുന്ന സർട്ടിഫിക്കറ്റിൽ ഒപ്പിട്ട് നൽകി ജയിൽ അധികൃതരുമായി മൂന്ന് മണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് മൃതദേഹം വിട്ടുനൽകാൻ ധാരണയായത്. മരണാനന്തര ചടങ്ങുകൾ എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
അലക്സി നവാൽനി (47) ജയിലിൽ വെച്ചാണ് മരിച്ചത്. റഷ്യൻ ജയിൽ ഏജൻസിയാണ് മരണവിവരം അറിയിച്ചത്. വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്.
നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാൽനി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായും ജയിൽ അധികൃതർ അറിയിച്ചിരുന്നു.