കൊച്ചി: ആലുവയിലെ ഇരട്ട കവർച്ചാ കേസ് പ്രതികളെ അജ്മീറിൽ ചെന്ന് സാഹസികമായി പിടികൂടിയ പൊലീസ് സ്‌ക്വാഡ് അംഗങ്ങൾക്ക് ഗുഡ് സർവീസ് എൻട്രി. ഉദ്യോഗസ്ഥർക്ക് എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പ്രശംസാപത്രം സമ്മാനിച്ചു. അതിസാഹസികമായി പ്രതികളെ പിടികൂടിയ അനുഭവങ്ങൾ സ്ക്വാഡ് അംഗങ്ങൾ ഓർത്തെടുത്തുകഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലുവയിൽ ഇരട്ട കവർച്ച നടത്തിയ ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ്, ഷഹജാദ് എന്നിവരെ അജ്മീറിൽ വച്ച് അതിസാഹസികമായി പിടികൂടിയത്. രാത്രി പൊലീസിനെ തിരിച്ചറിഞ്ഞ പ്രതികൾ നിറയൊഴിച്ചു. അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട അന്വേഷണസംഘം പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. എഎസ്പി ട്രെയിനി അഞ്ജലി ഭാവന, ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ മഞ്ജു ദാസ്, എസ് ഐ എസ് എസ് ശ്രീലാൽ, സിപിഒമാരായ മനോജ് അഫ്സൽ, മാഹിൻ ഷാ, മുഹമ്മദ് അമീർ എന്നിവർക്കാണ് അംഗീകാരം
മോഷണത്തിന് രണ്ട് ദിവസം മുൻപാണ് പ്രതികൾ ആലുവയിലെത്തിയത്. പന്പ് ജംഗ്ഷന് സമീപത്ത് മുറിയെടുത്തു. ഇവർ സിം കാർഡ് എടുക്കാനായി കൊടുത്ത രേഖകൾ വ്യജമായിരുന്നുവെന്നും ഇത് ഉറപ്പിച്ചതോടെയാണ് പൊലീസ് സംഘം രാജസ്ഥാനിലേക്ക് തിരിച്ചതെന്നും റൂറൽ എസ്പി വൈഭവ് സക്സേന അറിയിച്ചു. നിലവിൽ അജ്മീറിൽ ജയിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.