തിരുവനന്തപുരം: എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന തിരുവനന്തപുരത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥി നിർണയമായിട്ടും പേരുകളിൽ ചുറ്റിത്തിരിഞ്ഞ് ബി.ജെ.പി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലടക്കം മറ്റ് മുന്നണികളെത്തുംമുമ്പേ സ്ഥാനാർഥിയെ ഉറപ്പിച്ച് കളത്തിലിറങ്ങിയത് ബി.ജെ.പിയാണ്. ഇക്കുറി ചിത്രം ഏറെ വ്യത്യസ്തം. മറ്റ് രണ്ട് ക്യാമ്പിലും സ്ഥാനാർഥി ചിത്രം തെളിഞ്ഞിട്ടും കഴിഞ്ഞവട്ടം രണ്ടാമതെത്തിയ മണ്ഡലത്തിൽ പല പേരുകൾ ഉയർന്നുകേൾക്കുന്നതല്ലാതെ ഒരാളിലേക്ക് കേന്ദ്രീകരിക്കാൻ പാർട്ടിക്കായിട്ടില്ല.
മണ്ഡലം നിലനിർത്താൻ കോൺഗ്രസ് ശശി തരൂരിനെ തന്നെ രംഗത്തിറക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ശേഷിക്കുന്നത് ഔദ്യോഗിക പ്രഖ്യാപനം മാത്രം. മണ്ഡലം തിരികെപ്പിടിക്കാൻ പന്ന്യൻ രവീന്ദ്രനെ നിയോഗിക്കാൻ സി.പി.ഐയും ധാരണയിലെത്തി. ഈ ഘട്ടത്തിലും സാധ്യത പട്ടികയിലെ ചൂട് പിടിച്ച ചർച്ചയിലാണ് ബി.ജെ.പി. പ്രാഥമിക സാധ്യതപട്ടികയിൽ രാജീവ് ചന്ദ്രശേഖർ, കുമ്മനം രാാജശേഖരൻ, നടൻ കൃഷ്ണകുമാർ എന്നിവരുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കാൻ താൽപര്യമില്ലെന്ന് കുമ്മനം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
കൊല്ലത്തും പത്തനംതിട്ടയിലും കുമ്മനത്തിന്റെ പേരുണ്ട്. കൃഷ്ണകുമാർ മാസങ്ങൾക്ക് മുമ്പേ മണ്ഡലത്തിൽ സജീവമാണ്. ഏതാനും മാസം മുമ്പ് ‘ഈഞ്ചക്കൽ ഫ്ലൈ ഓവർ യാഥാർഥ്യമാകുന്നു’ എന്ന പേരിൽ കൃഷ്ണകുമാറിന്റെ ചിത്രസഹിതം വ്യാപകമായി പോസ്റ്റർ പ്രചരിച്ചിരുന്നു. നടി ശോഭനയുടെ പേരും കേൾക്കുന്നുണ്ടെങ്കിലും നേതാക്കൾക്കാർക്കും വ്യക്തതയില്ല.
തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുടെ പേര് ചർച്ചകളിലുണ്ടായിരുന്നു. ചൊവ്വാഴ്ചക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.