ന്യൂഡൽഹി: ബഹുജൻ സമാജ്വാദി പാർട്ടി എം.പി റിതേഷ് പാണ്ഡെ ബി.ജെ.പിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് കാന്റീനിൽവച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എം.പിമാരിൽ ഒരാളാണ് റിതേഷ്. ബി.എസ്.പിയുടെ പ്രാഥമികാംഗത്വം രാജിവെക്കുകയാണെന്ന് വ്യക്തമാക്കുന്ന കത്ത് റിതേഷ് എക്സിൽ പങ്കുവെച്ചു. പാർട്ടി യോഗങ്ങൾക്ക് തന്നെ വിളിക്കുന്നില്ലെന്നും ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും റിതേഷ് രാജിക്കത്തിൽ ആരോപിച്ചു. വൈകാരികമായി ബുദ്ധിമുട്ടുണ്ടെങ്കിലും തന്റെ സേവനം പാർട്ടിക്ക് ആവശ്യമില്ലെന്ന് വ്യക്തമായതിനാലാണ് രാജിയെന്ന് റിതേഷ് പറഞ്ഞു.