ന്യൂഡല്‍ഹി: നിരോധിത തീവ്രവാദി സംഘടനയായ ‘സിമി’യുടെ പ്രധാന പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് 22 വര്‍ഷത്തിന് ശേഷം ഡല്‍ഹി പോലീസ് പിടികൂടുന്നത്. ഇയാള്‍ക്കെതിരേ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. മഹാരാഷ്ട്രയിലെ ബുസാവലില്‍ നിന്നാണ് ഹനീഫിനെ പോലീസ് പിടികൂടിയത്. കേരളത്തില്‍ ഉള്‍പ്പെടെ സിമി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഹനീഫെന്ന് പോലീസ് സൂചിപ്പിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലും ഇയാള്‍ സിമി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
2002-ല്‍ ഡല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഡിപ്ലോമ വിദ്യാഭ്യാസമുള്ള ഹനീഫ് ഷെയ്ഖ് 1997-ലാണ് സിമിയില്‍ അംഗമാകുന്നത്. നിരവധി യുവാക്കളെ ഇയാള്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തു. 2001 ലാണ് ഹനീഫിനെ സിമി പ്രസിദ്ധീകരണമായ ‘ഇസ്ലാമിക് മൂവ്മെന്റി’ന്റെ എഡിറ്ററായി നിയമിക്കുന്നത്. സിമി നിരോധനത്തിന് പിന്നാലെ ഹനീഫ് ഷെയ്ഖ് അടക്കമുള്ളവര്‍ ഒളിവില്‍പോയി. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്, മുഹമ്മദ് ഹനീഫ് എന്ന പേരില്‍ ഇയാള്‍ ബുസാവലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്. ബുസാവലിലെ ഉര്‍ദുമീഡിയം സ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു ഇയാളെന്ന് പോലീസ് വ്യക്തമാക്കി.