വയനാട് : ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ തല കമാൻഡ് കൺട്രോൾ സെന്റർ രൂപീകരിച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജ്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 15 ന് ചേർന്ന യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് കമാൻഡ് കൺട്രോൾ സെന്റർ രൂപീകരിച്ചത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വനം, റവന്യൂ, ഫോറസ്റ്റ്, പോലീസ്, തദ്ദേശ സ്വയംഭരണ, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലാ തലത്തിൽ കമാൻഡ് കൺട്രോൾ സെൻ്റർ പ്രവർത്തിക്കുക. ആക്രമണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങൾ നേരിടുകയാണ് സെൻ്റർ മുഖേന ലക്ഷ്യമിടുന്നത്.
കളക്ടറേറ്റിൽ ജില്ലാ അടിയന്തിര കാര്യനിർവഹണ കേന്ദ്രത്തിൽ താൽകാലിക സൗകര്യത്തിലാണ് കമാൻഡ് കൺട്രോൾ സെൻ്റർ പ്രവർത്തിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണവും വന്യജീവി ആശങ്കകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രധാന കേന്ദ്രമായി കമാൻഡ് കൺട്രോൾ സെൻ്റർ പ്രവർത്തിക്കും.കമാൻഡ് കൺട്രോൾ കേന്ദ്രത്തിൻ്റെ ഏകോപനം ചുമതലുള്ള വകുപ്പ് ജീവനക്കാർ ഫലപ്രദമായ ഏകോപനം, അന്തർ സംസ്ഥാന ആശയ വിനിമയം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ, വിവരം കൈമാറൽ, വകുപ്പുകൾ തമ്മിലുള്ള ഏകോപനം, മീഡിയ മാനേജ്മെന്റ്, വനം വകുപ്പിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ, പൊതു അന്വേഷണങ്ങൾ, അന്തർ സംസ്ഥാന ഏജൻസികളുമായി ബന്ധപ്പെടൽ എന്നിവയ്ക്കുള്ള ഒരു പ്ലാറ്റ്ഫോമായി പ്രവർത്തിക്കും.
സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ ആൻഡ് സിസിഎഫ് കെ വിജയാനന്ദൻ ഐഎഫ്എസ് കമാൻഡ് കൺട്രോൾ സെൻ്ററിൻ്റെ പൂർണ്ണ ചുമതല വഹിക്കും. മാർച്ച് 31-നകം വനം വകുപ്പ് പൂർണ്ണ സൗകര്യങ്ങളോടെ കമാൻഡ് കൺട്രോൾ സെന്റർ രൂപീകരിക്കാനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ കളക്ടർ ഉത്തരവിട്ടു. ബന്ധപ്പെട്ട വകുപ്പ് മേലധികാരികൾ കമാൻഡ് കൺട്രോൾ സെൻ്ററിലേക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം. വനം വകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ (ഒരു സമയം ഒരു ജീവനക്കാരൻ) റൊട്ടേഷൻ വ്യവസ്ഥയിൽ നിയോഗിക്കണം.
തദ്ദേശ സ്വയം ഭരണം, പട്ടികവർഗ്ഗ വികസന വകുപ്പ് അടിയന്തര ഘട്ടങ്ങളിൽ ആവശ്യാനുസരണം ജീവനക്കാരെ നിയോഗിക്കണം. പോലിസ്, റവന്യൂ വകുപ്പുകളിൽ ജില്ലാ അടിയന്തര കാര്യനിർവ്വഹണ വിഭാഗത്തിൽ നിയോഗിക്കപ്പെടുന്നവർ കൺട്രോൾ കേന്ദ്രത്തിലും പ്രവർത്തിക്കണം. കൺട്രോൾ സെൻ്ററിൽ ലഭിക്കുന്ന എല്ലാ കോളുകളും രജിസ്റ്റർ ചെയ്ത് മുൻഗണനാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. ചുവപ്പ്,മഞ്ഞ, പച്ച എന്നീ ക്രമത്തിൽ മുൻഗണനാ പട്ടിക പരസ്യപ്പെടുത്തും. 04936-204151, 9526804151 നമ്പറുകൾ കമാൻഡ് കൺട്രോൾ സെൻ്ററിൽ പ്രവർത്തിക്കും.