മഹാരാഷ്ട്രയിലെ നാസിക്കിൽ ഐ.സി.യുവിന് മുന്നിൽ വച്ച് ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ചു. മുൻ സഹപ്രവർത്തകയുടെ ഭർത്താവാണ് ഡോക്ടറിനെ 17 തവണ വെട്ടിയത്. ആക്രമണത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്ന് പൊലീസ് പറയുന്നു. പ്രതി രാജേന്ദ്ര മോറിനെ പൊലീസ് പിടികൂടി.നാസിക്കിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ആശുപത്രിയുടെ ഡയറക്ടറും ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുമായ കൈലാഷ് രതിയാണ് ക്രൂരമായ അക്രമത്തിനിരയായത്. രാത്രി ഒൻപത് മണിയോടെ പ്രതിയും ആശുപത്രിയിലെ മുൻജീവനക്കാരിയുടെ ഭർത്താവുമായ രാജേന്ദ്ര മോർ ഡോക്ടറെ സമീപിക്കുന്നു. ഐസിയുവിന് മുന്നിൽ നിന്നും ഫോണിൽ സംസാരിക്കുന്ന ഡോക്ടറെ പ്രതി പ്രകോപനമില്ലാതെ വെട്ടുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റു വീണ ഡോക്ടറെ സഹപ്രവർത്തകരാണ് അടിയന്തര ചികിത്സയ്ക്കായി മാറ്റിയത്.
പിന്നാലെ പ്രതി ഒളിവിൽ പോയി. ഊർജിതമായ അന്വേഷണം തുടങ്ങിയ പോലീസ് പ്രതിയെ പിടികൂടി. ആക്രമണത്തിനു പിന്നിൽ സാമ്പത്തിക തർക്കമെന്നാണ് പോലീസ് വിശദീകരണം. ദമ്പതികൾ പലത്തവണയായി ഡോക്ടറിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. ഇത് തിരിച്ചു നൽകാത്തതുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ആക്രമണത്തിനിരയായ ഡോക്ടറുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.