കൊച്ചി: പ്രേക്ഷകര്‍ ആസ്വദിച്ച് കാണുന്ന പരിപാടിയാണ് ചക്കപ്പഴം. സ്‌ക്രീനില്‍ വന്ന് നിമിഷനേരം കൊണ്ടാണ് ചക്കപ്പഴം ഹിറ്റായി മാറിയത്. വേറിട്ട അവതരണ രീതിയാണ് ചക്കപ്പഴത്തിന്റെ വിജയത്തിന് പിന്നിലും. ഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തുന്ന പരമ്പരയിലെ താരങ്ങളും പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ലളിതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി സബീറ്റ ജോര്‍ജ് എത്തിയത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശകളുമൊക്കെയായി സബീറ്റയുടെ ലളിതയും വളരെ വേഗത്തിൽ പ്രേക്ഷക മനം കവർന്നു. സബീറ്റയുടെ എല്ലാമെല്ലാം അച്ഛനും അമ്മയും മകളുമാണ്. അതിൽ അച്ഛനെ രണ്ട് വർഷം മുമ്പ് സബീറ്റയ്ക്ക് നഷ്ടപ്പെട്ടു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സബീറ്റയുടെ പിതാവ് മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം അച്ഛന്റെ വേർപാട് ആരാധകരെ അറിയിച്ചത്. മരിക്കുമ്പോൾ എഴുപത്തിയെട്ട് വയസായിരുന്നു സബീറ്റയുടെ അച്ഛന്റെ പ്രായം. ഇപ്പോഴിതാ പിതാവിന്റെ രണ്ടാം ചരമ വാർഷിക ദിനത്തിൽ സബീറ്റ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്.
‘അച്ഛൻ പോയിട്ട് ഇന്നേക്ക് രണ്ട് വർഷം. തനിച്ചാകലിന്റെ വേദന അച്ഛന്റെ മോൾ മനസിലാക്കിയ നീണ്ട രണ്ട് വർഷങ്ങൾ. എന്തൊക്കയോ കൂടെ ഒരുമിച്ച് ചെയ്യണമായിരുന്നു എന്നൊരു തോന്നൽ ഈ ദിവസങ്ങളിൽ എന്നെ വല്ലാതെ അലട്ടുന്നു ഡാഡി.
“തലേദിവസം രാത്രി ഞാൻ ഡാഡിയുടെ നെറ്റിയിൽ ഏറ്റവും കൂടുതൽ സമയം ചുംബിച്ചപ്പോൾ ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ഹൃദയത്തിൽ അറിഞ്ഞു. ഇത് ഞങ്ങൾ ജീവനോടെ ഒരുമിച്ച് ചെലവഴിക്കുന്ന അവസാന രാത്രിയായിരിക്കുമെന്ന്. രണ്ട് വർഷം ഇരുപത് വർഷമായി തോന്നുന്നു. അതിനുശേഷം നിങ്ങളുടെ മകൾക്ക് ജീവിതം ഒരിക്കലും സമാനമായിരുന്നില്ല. എല്ലാ ദിവസവും ഞാൻ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു അച്ഛാ…” എന്നാണ് പിതാവിന്റെ വേർപാടിന്റെ രണ്ടാം വർഷത്തിൽ സബീറ്റ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഒപ്പം പിതാവിനൊപ്പമുള്ള അവസാന നിമിഷത്തിന്റെ ഫോട്ടോയും സബീറ്റ പങ്കിട്ടു.