കൊച്ചി : ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ കാരണങ്ങൾ ബോധിപ്പിക്കാൻ ഉണ്ടോ എന്ന് പ്രതികളോട് ഹൈക്കോടതി. നിരപരാധികൾ ആണെന്നും, ശിക്ഷ വർധിപ്പിക്കരുതെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. ശിക്ഷ വർധിപ്പിക്കരുതെന്ന പ്രതികളുടെ ആവശ്യത്തിൽ നാളെയും വാദം തുടരും. ടിപി.ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്ന കാര്യത്തിലാണ് ഇന്ന് ഹൈക്കോടതിയിൽ വാദം നടന്നത്. നിരപരാധികളാണെന്നും കേസുമായി ബന്ധമില്ലെന്നുമാണ് പ്രതികൾ കോടതിയെ അറിച്ചത്. കുടുംബത്തിലെ ബുദ്ധിമുട്ടുകളും, ആരോഗ്യസ്ഥിതിയും പ്രതികൾ അറിയിച്ചു. 14 പ്രതികളിൽ 11 പേരെയാണ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കിയത്.
ആരോഗ്യകരണങ്ങളാൽ പന്ത്രണ്ടാം പ്രതി ജ്യോതിവിനെ ഓൺലൈനിൽ ആണ് ഹാജരാക്കിയത്. ശിക്ഷ വർദ്ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെയും കെ.കെരമയുടെയും ആവശ്യത്തിൽ എന്താണ് മറുപടി എന്നായിരുന്നു പ്രതികളോട് കോടതിയുടെ ചോദ്യം. വധശിക്ഷ നൽകാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ബോധിപ്പിക്കാനുണ്ടോയെന്നും കോടതി ചോദിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേസിൽ ഉൾപ്പെടുത്തിയത് എന്നായിരുന്നു കെ.സി.രാമചന്ദ്രന്റെ വാദം ശിക്ഷ വർധിപ്പിക്കുന്നതിന് മുൻപ് വാദം കേൾക്കണമെന്ന പ്രതികളുടെ വാദം കോടതി അംഗീകരിച്ചു. ഈ വാദം നാളെ രാവിലെ 10.15 ന് നടക്കും. പ്രതികളെ ഇന്ന് കാക്കനാട് ജില്ലാ ജയിലിൽ ആയിരിക്കും പാർപ്പിക്കുക. പ്രതികളുടെ മാനസിക ശാരീരികാരോഗ്യ പരിശോധന റിപ്പോർട്ട് ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. പരിശോധന റിപ്പോർട്ടിന്റെ പകർപ്പ് പ്രതികൾക്കും പ്രോസിക്യൂഷനും നൽകാൻ കോടതി നിർദ്ദേശം നൽകി. കോടതി നടപടികൾ കേൾക്കാൻ കെ.കെ.രമയും ഇന്ന് ഹൈക്കോടതിയിൽ എത്തിയിരുന്നു.