കായംകുളം: കായംകുളം പുതുപ്പള്ളിയില്‍ സ്വന്തം മാതാവിനെ മകന്‍ കൊന്നക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുതുപ്പള്ളി ദേവികുളങ്ങര പണിക്കശ്ശേരില്‍ ശാന്തമ്മയുടെ മരണം സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നത്. ശാന്തമ്മയുടെ അമിത മദ്യപാനം ചോദ്യം ചെയ്തുള്ള തര്‍ക്കത്തിനിടയില്‍ മകന്‍ ബ്രഹ്‌മദേവന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ: കായംകുളം പണിക്കശ്ശേരിയില്‍ വീട്ടില്‍ ശാന്തമ്മയും ഇളയ മകനായ ബ്രഹ്‌മദേവനും ഒന്നിച്ചാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ദേവികുളങ്ങര കണിയാമുറി ദേവി ക്ഷേത്രത്തില്‍ നിന്നും കാവുങ്കലിലെ ഇവരുടെ കുടുംബ ക്ഷേത്രത്തിലേക്ക് വീട്ടിലേക്ക് മുടിയെഴുന്നള്ളത്ത് ചടങ്ങ് നടന്നിരുന്നു. അന്ന് മദ്യപിച്ചെത്തിയ ശാന്തമ്മയും മകനും തമ്മില്‍ വഴക്കുണ്ടായി. നാട്ടുകാരില്‍ ചിലരുമായും ശാന്തമ്മ വാക്ക് തര്‍ക്കം ഏര്‍പ്പെട്ടിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയ ശേഷവും ഇരുവരും തമ്മില്‍ വഴക്ക് തുടര്‍ന്നു. തര്‍ക്കത്തിനിടയില്‍ അമ്മയെ മര്‍ദ്ദിച്ചു. വയറ്റിലിടിച്ചു, പിടിച്ച് തള്ളിയപ്പോള്‍ തല കട്ടിലിന്റെ കാലില്‍ ഇടിച്ചു തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടായി.
മര്‍ദ്ദനത്തെ തുടര്‍ന്ന് കട്ടിലില്‍ വീണു പോയ ശാന്തമ്മ പിന്നീട് രാവിലെ ഉണര്‍ന്നില്ല. ഇതോടെ അമ്മ ഉണരുന്നില്ല എന്ന് അയല്‍ വീട്ടുകാരെ ബ്രഹ്‌മദേവന്‍ അറിയിച്ചു. തല കറങ്ങി വീണതാകാം എന്നാണ് എല്ലാവരോടും ബ്രഹ്‌മദേവന്‍ പറഞ്ഞത്. അയല്‍ വീട്ടുകാര്‍ മൂത്ത മകനെ അറിയിക്കുകയും അവര്‍ ഒന്നിച്ച് വീട്ടിലെത്തി ശാന്തമ്മയെ കൂട്ടി കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ശാന്തമ്മ മരിച്ചിരുന്നു.
സംശയം തോന്നിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്നും രക്തക്കറ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകം ആണെന്ന് പൊലീസ് ഉറപ്പിച്ചു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ ബ്രഹ്‌മദേവന്‍ കുറ്റം സമ്മതിച്ചു. വലത്തെ വാരിയെല്ലിന് എറ്റ മാരകമായ ക്ഷതമാണ് മരണ കാരണം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ശാന്തമ്മയുടെ ഭര്‍ത്താവ് പരേതനായ തങ്കപ്പന്‍. മറ്റു മക്കള്‍: ഹരി, മായ, ജ്യോതി.