കരുളായി : വനത്തിനകത്തെ പാരിസ്ഥിതിക വിനോദസഞ്ചാരകേന്ദ്രമായ മലപ്പുറം നെടുങ്കയത്തിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന സഞ്ചാരികളോട് ഇവിടത്തുകാർക്ക് പറയാനൊന്നേയുള്ളൂ. തെളിനീരൊഴുകുന്ന പുഴയോരം നിങ്ങൾക്ക് മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമല്ല. പുഴയോരത്ത് സഞ്ചാരികൾ ഉപേക്ഷിച്ച മാസ്ക് മുതൽ അടിവസ്ത്രം വരെയുള്ള മാലിന്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവരിതു പറയുന്നത്. കുട്ടികൾക്ക് ഉപയോഗിച്ച ഡയപ്പറുകൾ, ഭക്ഷ്യാവശിഷ്ടങ്ങൾ, പാദരക്ഷകൾ തുടങ്ങിയവ പുഴയോരത്ത് ഉപേക്ഷിച്ച നിലയിൽ പരന്നുകിടക്കുന്നുണ്ട്. ഇവിടുത്തെ നൂറോളം കുടുംബങ്ങൾ അവരുടെ നിത്യേനയുള്ള ആവശ്യങ്ങൾക്ക് കരിമ്പുഴയെയാണ് ആശ്രയിക്കുന്നത്. പുഴയിൽ വെള്ളം കുറഞ്ഞുവരികയാണ്. സഞ്ചാരികൾ ഇതു മനസ്സിലാക്കി പെരുമാറണമെന്നാണ് ഇവിടത്തുകാർ പറയുന്നത്.
നെടുങ്കയത്ത് ദിവസവും ഒട്ടേറെ സഞ്ചാരികൾ എത്തുന്നുണ്ട്. വനത്തിലും പുഴയിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് ഇരുപത്തയ്യായിരം രൂപ പിഴയും മൂന്നു വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. മാലിന്യം തള്ളരുന്നതെന്ന് സൂചിപ്പിച്ച് മുന്നറിയിപ്പ് ബോർഡ് പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വെച്ചിട്ടുണ്ടെങ്കിലും അതൊന്നും സഞ്ചാരികൾ ഗൗനിക്കുന്നില്ല.