ദുബൈ: യുഎഇയില്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴം വരെ നീളുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഇനി വരുന്ന ദിവസങ്ങളിലും താപനില കുറയാനും ഈര്‍പ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടല്‍മഞ്ഞും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാജ്യത്ത് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍റെ ചില പ്രദേശങ്ങള്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ നേരിയ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. എന്നാല്‍ ഹത്തയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഭേദപ്പെട്ട മഴ ലഭിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള വാദികളിലും താഴ്വരകളിലും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.