തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളം ഇത്തവണ ബി.ജെ.പിക്ക് രണ്ടക്ക സീറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിന്റെ അടിസ്ഥാനത്തിലല്ല കേന്ദ്ര സർക്കാർ കേരളത്തെ കാണുന്നത്. കേരളത്തോട് കേന്ദ്രം ഒരിക്കലും അവഗണന കാട്ടിയിട്ടില്ല. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയർത്തുമെന്നും അതാണ് മോദിയുടെ ഉറപ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. പി.സി. ജോർജിന്റെ കേരള ജനപക്ഷം പാർട്ടി ചടങ്ങിൽ ബി.ജെ.പിയിൽ ലയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിസഹകരിച്ചിട്ടും വികസനത്തിന് മുന്‍ഗണന നല്‍കി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കിട്ടുന്ന പരിഗണന കേരളത്തിനും കിട്ടുന്നു എന്നുറപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം ഇത്തവണ എൻ.ഡി.എക്ക് പിന്തുണ നൽകും.
2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാനുള്ള തിരഞ്ഞെടുപ്പായി മാറും. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നോട്ടുപോകലിന് ഊന്നൽ നൽകും. കേരളത്തിന്റെ വികസനത്തിന് ബി.ജെ.പി എല്ലാകാലത്തും പ്രവർത്തിച്ചിട്ടുണ്ട്. ലോക്സഭയില്‍ 400ലധികം സീറ്റുകളാണ് ഇത്തവണ എൻ.ഡി.എ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.