പുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ് ആപ്പ്. ബോൾഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകൾക്ക് പിന്നാലെയാണ് ഈ അപ്ഡേഷൻ. ബുള്ളറ്റഡ് ലിസ്റ്റ്, നമ്പർ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇൻലൈൻ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകൾ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്റെ വാട്ട്സ് ആപ്പ് ചാനലിലൂടെയാണ് ഈ ഫീച്ചറുകൾ പരിചയപ്പെടുത്തിയിരിക്കുന്നത്.
ഐഒഎസ്, ആൻഡ്രോയിഡ്, വെബ്, മാക് ഡെസ്‌ക്‌ടോപ്പ് ആപ്പുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് മെസെജുകൾ പരിഷ്കരിച്ച് മറ്റുള്ളവർക്ക് അയക്കാനാകും. സിമ്പിൾ ഷോട്ട് കട്ടുകൾ ഉപയോഗിച്ച് ചെയ്യാനാവുന്നതാണ് പുതിയ ടെക്സ്റ്റ് ഫോർമാറ്റിങ് ഓപ്ഷൻ. ഇതിൽ ബുള്ളറ്റഡ് ലിസ്റ്റ് ഉപയോഗിച്ച് സന്ദേശങ്ങൾ പട്ടികയായി ചിട്ടപ്പെടുത്തി അയക്കാൻ സഹായിക്കുന്ന ഫീച്ചറാണിത് എന്ന പ്രത്യേകതയുമുണ്ട്. ബുള്ളറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന മെസെജിന് മുമ്പായി കീബോർഡിലുള്ള ‘-‘ ചിഹ്നം ഉപയോഗിച്ച് ഡെസ്ക്‌ടോപ്പിൽ Shift+Enter കൊടുക്കണം. ‘-‘ ചിഹ്നത്തിനും ടെക്‌സ്‌റ്റിനും ഇടയിൽ ഒരു സ്‌പെയ്‌സ് നൽകണം. അത് അടുത്ത ബുള്ളറ്റ് പോയിൻ്റ് സ്വയം ക്രിയേറ്റ് ചെയ്യും.
മെസെജുകൾ അക്കമിട്ട് അയയ്ക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് നമ്പർ ലിസ്റ്റ്. ബുള്ളറ്റഡ് ലിസ്റ്റിന് സമാനമാണ് ഇത്. അക്കങ്ങളാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 1, 2, 3 എന്ന ക്രമത്തിൽ അക്കങ്ങൾ ഇട്ട് മെസെജ് ടൈപ്പ് ചെയ്ത് ഡെസ്ക്‌ടോപ്പിൽ Shift+Enter നൽകിയാൽ സ്വയമേവ അടുത്ത നമ്പറിലേക്ക് സന്ദേശം ക്രമീകരിക്കാനാവും.
പ്രധാനപ്പെട്ട ടെക്‌സ്‌റ്റ് ഹൈലൈറ്റ് ചെയ്യാനും മെസെജുകളിൽ അത് കൂടുതൽ ശ്രദ്ധേയമാക്കാനും അനുവദിക്കുന്നതാണ് ബ്ലോക്ക് ക്വോട്ട്. ഒരു സ്പേസ് നൽകിയ ശേഷം കീബോർഡിലുള്ള ‘>’ ചിഹ്നം ടൈപ്പ് ചെയ്‌ത് മെസെജ് അയയ്ക്കാം.മെസെജുകൾ ഹൈലൈറ്റ് ചെയ്യാൻ ഇൻലൈൻ കോഡ് ഉപയോഗിക്കാനാവും. എന്താണോ അയക്കാനുള്ളത് അവയ്ക്ക് ശേഷവും മുൻപും ` ചിഹ്നം ഉപയോഗിക്കണമെന്ന് മാത്രം.