തിരുവനന്തപുരം: സിഎംആർഎൽ വിവാദത്തിൽ പി രാജീവിനും എം ബി രാജേഷിനും മറുപടിയുമായി മാത്യു കുഴൽനാടൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെയാണ്സിഎംആർഎലിനു കരാർ നൽകിയത്. എന്നാൽ, ലീസ് നൽകി പത്തു ദിവസത്തിനു ശേഷം നിയമവിരുദ്ധമെന്ന് കണ്ടെത്തി റദ്ദ് ചെയ്തു എന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു. 2016ൽ ലീസ് റദ്ദാക്കാൻ സുപ്രിം കോടതി സർക്കാരിന് അവകാശവും അധികാരവും നൽകി. എന്നാൽ അത് വിനിയോഗിച്ചില്ല. 2019ൽ കേന്ദ്ര ഭേദഗതി വന്നിട്ടും സർക്കാർ അനങ്ങിയില്ല. ഉദ്യോഗസ്ഥർ നടപടി റദ്ദാക്കാൻ ഒരുങ്ങിയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 7 വർഷം കരാർ നിലനിർത്തി. തോട്ടപ്പള്ളിയിലെ മണൽവാരൽ കുട്ടനാടിനെ രക്ഷിക്കാൻ എന്നായിരുന്നു സർക്കാർ വാദം. സർക്കാരിന്റെ താല്പര്യം മണൽനഷ്ടപ്പെടുന്നതിനു മുൻപ് മണൽ വാരിയെടുക്കുക എന്നതായിരുന്നു. സർക്കാരിന് മണൽ വാരിയെടുക്കാനുള്ള വെപ്രാളം ആർക്കു വേണ്ടിയാണെന്ന് വ്യവസായ മന്ത്രി മറുപടി പറയണം എന്നും അദ്ദേഹം പറഞ്ഞു.
സിഎംആർഎൽ കമ്പനിയിലേക്ക് ലോഡ് വന്നതിന്റെ ഇവേ ബില്ലുകൾ മാത്യു കുഴൽനാടൻ പുറത്തുവിട്ടു. കഴിഞ്ഞ വർഷം നൂറുകണക്കിന് ഇൽമിനേറ്റ് ലോഡുകൾ വന്നതിന്റെ കണക്കുണ്ട്. ചവറയിൽ ഐആർഇയിൽ നിന്നും സിഎംആർഎലിലേക്ക് വന്നതിന്റെ ബില്ലുകളാണ്. വ്യവസ്ഥ ലംഘിച്ചു ഇൽമിനേറ്റ് കടത്തിയത് അന്വേഷിക്കാൻ വ്യവസായ മന്ത്രിക്കു ആർജ്ജവമുണ്ടോ? മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗത്തിന്റെ മിനുറ്റ്സ് ജനങ്ങൾ കാണുന്നതിൽ എന്ത് പ്രശ്നമാണ്? ഇനിയും സംവാദത്തിന് തയ്യാർ, ആർജവം കണിക്കേണ്ടത് മന്ത്രിമാരാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.