തിരുവനന്തപുരം : സ്വർണക്കടത്തിലെ പുതിയ വിവാദങ്ങൾ സിപിഐ എമ്മിനെ ബാധിക്കുന്നതല്ലെന്ന് പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള. എം ശിവശങ്കറും സ്വപനയും തമ്മിലുള്ള തർക്കം കോടതി തീരുമാനിക്കട്ടെ. കേന്ദ്ര ഏജൻസികൾക്കെതിരെയാണ് പുസ്‌തകം. സ്വപ്‌നക്കെതിരെയുള്ളത് ചെറിയ പരാമർശം. എം ശിവശങ്കറിനെതിരെ നടപടി വേണമോയെന്നത് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. എം.ശിവശങ്കറിന്‍റെ പുസ്തക രചനയോടെ സ്വര്‍ണകടത്ത്, ഡോളര്‍കടത്ത് കേസുകളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ഒന്നൊന്നായി പുറത്തുവരുന്നത്. കേസുതുടരുന്നതിനിടെ, സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ, എം.ശിവശങ്കര്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതില്‍ സിപിഐഎമ്മിന് അതൃപ്തിയുണ്ടെന്നാണ് സൂചന. വ്യക്തിപരമായ നിലയിലുള്ള വെളിപ്പെടത്തലുകളെന്നു പറഞ്ഞു സ്വപ്ന സുരേഷിന്‍റെ പ്രസ്താവനകളെ കാണാനാവില്ലെന്നാണ് വിലയിരുത്തല്‍.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് നടക്കുന്നത് എം ശിവശങ്കറിന് അറിയാമായിരുന്നെന്നാണ് സ്വപ്ന സുരേഷ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. സ്വര്‍ണക്കടത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അവിടെ ജോലി ചെയ്യുന്നത് സുരക്ഷിതമല്ലെന്നും വേറെ ജോലി നോക്കാമെന്നും ശിവശങ്കര്‍ പറഞ്ഞുവെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സർക്കാരിനെ ബാധിക്കുന്ന പുതിയ ആരോപണങ്ങളിലും ലോകായുക്ത വിവാദങ്ങളിലും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടായേക്കും. സർവീസിലിരുന്ന് പുസ്തകം എഴുതിയതിൽ ശിവശങ്കറിനെതിരായ നടപടിയും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നേക്കും.