കുന്നമംഗലം (കോഴിക്കോട്): വർഗീയ അജൻഡ നടപ്പാക്കി സംഘപരിവാർ പിടിമുറുക്കുന്ന എൻഐടിയിൽ മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബുധനാഴ്ച ദേശാഭിമാനി പത്രം വിതരണം നടത്താൻ ഏജന്റിനെ സുരക്ഷാ ജീവനക്കാർ അനുവദിച്ചില്ല. കാരണമന്വേഷിച്ചപ്പോൾ മലയാള പത്രങ്ങൾ ക്യാമ്പസിൽ ഇടുന്നതിന് വിലക്കുണ്ടെന്നാണ് വിശദീകരണം. വ്യാഴം മുതൽ മറ്റ് മലയാള പത്രങ്ങളും വിലക്കി. പത്ര എജന്റിനെ എൻഐടി ലൈബ്രറി, ഗസ്റ്റ് ഹൗസ്, ഓഫീസ് എന്നിവിടങ്ങളിൽനിന്ന് ഫോണിൽ വിളിച്ചാണ് മലയാള പത്രങ്ങൾ ഇടേണ്ടെന്ന് അറിയിച്ചത്.
പന്ത്രണ്ട് മലയാള പത്രങ്ങളാണ് ഇവിടെ വരുത്തിയിരുന്നത്. 70 ശതമാനത്തിലധികം മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ മലയാള പത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കും. ഭരണഘടന ഉറപ്പ് നൽകുന്ന അറിയാനുള്ള അവകാശത്തിന്റെ ലംഘനമായതിനാൽ നിയമപോരാട്ടവും ഉണ്ടാകും.എൻഐടിയിലെ നിയമന ക്രമക്കേടും വർഗീയ നടപടികളും വിദ്യാർഥിവിരുദ്ധ നിലപാടുകളും മലയാളപത്രങ്ങളിലൂടെ പുറത്തെത്തുന്നതാണ് അധികൃതരെ പ്രകോപിപ്പിച്ചത്. അനധ്യാപക തസ്തികയിലേക്ക് നടന്ന രണ്ടാം ഘട്ട പരീക്ഷയിൽ സ്കിൽ ടെസ്റ്റിന് പങ്കെടുക്കാത്തവർക്ക് അധികൃതർ മാർക്ക് നൽകിയതും സംവരണക്രമം തെറ്റിച്ച് നിയമനം നടത്തിയതും തെളിവ് സഹിതം ദേശാഭിമാനിയടക്കമുള്ള പത്രങ്ങൾ വാർത്ത നൽകിയിരുന്നു.
എൻഐടിയിലെ പരീക്ഷയിൽ നടന്ന ഹൈടെക് കോപ്പിയടിയും സംഘപരിവാറുകാരെ വിവിധ തസ്തികകളിൽ ജോലിക്ക് നിയമിച്ചതുമെല്ലാം വാർത്തയായിരുന്നു. എൻഐടിയിൽനിന്ന് മലിനജലം പുറത്തേക്കൊഴുക്കിയതിനാൽ പരിസരവാസികൾക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നതും മലയാള പത്രങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കടുത്ത ആർഎസ്എസ് പക്ഷപാതികളായ ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ, മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ ഡോ. ആർ ശ്രീധരൻ, ഡോ. ദേവേന്ദ്ര കെ യാദവ്, ഡോ ഷൈജ ആണ്ടവൻ എന്നിവർക്കൊപ്പം പുറത്തുനിന്നുള്ള ഒരു കാഷായവസ്‌ത്രധാരിയും ചേർന്നാണ് ഇവിടെ തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് വിദ്യാർഥികൾ പറയുന്നത്. ആർഎസ്എസ് നേതാക്കളും ചില സന്യാസിമാരും കയറിയിറങ്ങുന്ന സ്ഥാപനമായി എൻഐടി മാറിയിട്ടുണ്ട്.