മൂന്നാർ: വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ഡീൻ കുര്യാക്കോസ് എം.പിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പെട്ടെന്ന് നെഞ്ചുവേദന ഉണ്ടായതിനാൽ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിലേക്കാണ് എം.പിയെ പൊലീസ് മാറ്റിയത്. എന്നാൽ, സമരം അവസാനിപ്പിച്ചതായി അറിയിപ്പ് ഉണ്ടായിട്ടില്ല. മൂന്നാർ ഗാന്ധി സ്ക്വയറിന് സമീപത്തായാണ് മൂന്നുദിവസമായി സമരം നടത്തിയിരുന്നത്.
വന്യജീവി ശല്യം തടയാൻ ശാശ്വതനടപടികൾ സ്വീകരിക്കുക, സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ ആർ.ആർ.ടി സംഘത്തെ ഉടൻ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം. സമരത്തിന് അഭിവാദ്യം അർപ്പിച്ച് തോട്ടം തൊഴിലാളികളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സമരപ്പന്തലിൽ എത്തിയിരുന്നു. ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യു, റോയി കെ. പൗലോസ്, മുൻ എം.എൽ.എ എ.കെ. മണി എന്നിവരും മൂന്നാറിൽ ഉണ്ട്.