തിരുവനന്തപുരം > സമാപനവേദിയിസും തർക്കം തുടർന്ന് കോൺഗ്രസിന്റെ സമരാഗ്നി ജാഥ സമാപിച്ചു. തുടക്കംമുതൽ പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളുമായി മുന്നോട്ടുവന്ന ജാഥ സമാപിച്ചപ്പോഴും അവസാനിച്ചത് തർക്കത്തിൽ. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലാണ് ഇത്തവണയും അഭിപ്രായ വ്യത്യാസമുണ്ടായത്. പുത്തരിക്കണ്ടം മൈതാനിയിലെ ആളൊഴിഞ്ഞ സമാപന വേദിയാണ് അധ്യക്ഷനെ ചൊടിപ്പിച്ചത്. പ്രവർത്തകർ പരിപാടി അവസാനിക്കുന്നതിനു മുമ്പ് തന്നെ പിരിഞ്ഞുപോയതിലെ അമർഷം സുധാകരൻ പരസ്യമായി പ്രഖ്യാപിച്ചു. കസേരകൾ കാലിയായതിനാൽ താൻ പ്രസംഗിക്കുന്നില്ലെന്നായിരുന്നു അധ്യക്ഷന്റെ പരാമർശം.
വളരെ നേരത്തേ തന്നെ കസേരകളെല്ലാം കാലിയായി, ഇനി ഞാൻ പ്രസംഗിക്കുന്നില്ല. ഇത്രേയും വലിയൊരു ജാഥ നടത്തിയിട്ട് ഒന്നു രണ്ടുപേർ പ്രസംഗിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റുപോകുന്നു. സമരാഗ്‌നിയെന്നുപറഞ്ഞ് ലക്ഷങ്ങൾ മുടക്കി ഒരു ജാഥ നടത്തുന്നതിന് അതിന്റേതായ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്.മുഴുവൻ സമയവും പ്രസംഗം കേൾക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിന് വന്നു എന്നായിരുന്നു സുധാകരന്റെ രോഷപ്രകടനം.
എന്നാൽ തൊട്ടുപിന്നാലെ പ്രസംഗിക്കാനെത്തിയ സതീശൻ സുധാകരന്റെ അഭിപ്രായത്തെ തള്ളി. പ്രവർത്തകർ പിരിഞ്ഞുപോയത് ചൂട് കാരണമാണെന്നും അതിൽ അധ്യക്ഷൻ വിഷമിക്കണ്ട എന്നുമായിരുന്നു സതീശന്റെ പ്രസംഗം. പ്രവർത്തകർ കൊടും ചൂടിൽ ഉച്ചയ്ക്ക് 3 മണിക്ക് വന്നതാണെന്നും അഞ്ച് മണിക്കൂർ തുടർച്ചയായി ഇരുന്നുവെന്നും സതീശൻ പറഞ്ഞു. 12 പേർ പ്രസംഗിച്ചു കഴിഞ്ഞതിനാലാണ് പ്രവർത്തകർ പോയതെന്ന് പറഞ്ഞ് സതീശൻ സുധാകരന്റെ വിമർശനത്തെ നിഷ്കരുണം തള്ളിക്കളഞ്ഞു.
നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം ജനങ്ങൾക്ക് വീണ്ടും വ്യക്തമാക്കുന്നതായിരുന്നു സമാപനസമ്മേളനവും. ആലപ്പുഴയിൽ മാധ്യമങ്ങളെ കാണാൻ സതീശൻ താമസിച്ചപ്പോൾ പരസ്യമായി സുധാകരൻ പച്ചത്തെറി വിളിക്കുന്നതായിരുന്നു കണ്ടത്. സഹോദരതുല്യനായതിനാലാണ് അങ്ങനെ വിളിച്ചതെന്ന് പറഞ്ഞ് സതീശനും നേതൃത്വവും തെറിവിളിയെ ഒതുക്കാൻ നോക്കിയെങ്കിലും നേതാക്കൾക്കിടയിലെ പ്രശ്നങ്ങൾക്ക് അയവുവന്നിട്ടില്ലെന്നാണ് സമാപനസമ്മേളനത്തിലെ ഭിന്നതയും വ്യക്തമാക്കുന്നത്.
ഫെബ്രുവരി 9ന് കാസർകോടുനിന്നാണ് ജാഥ ആരംഭിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയാണ് സപാനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്. അഖിലേന്ത്യാ നേതാക്കളായ സച്ചിൻ പൈലറ്റ്, ദീപാദാസ് മുൻഷി, ജിഗ്‌നേഷ് മേവാനി തുടങ്ങിവരും സംസാരിച്ചു.