ഗസ്സ: പട്ടിണിയും പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം കുറഞ്ഞത് 10 ഫലസ്തീൻ കുട്ടികൾ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അഷ്‌റഫ് അൽ-ഖുദ്ര അറിയിച്ചു. ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന് ഇസ്രായേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതും യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള സഹായം ഇസ്രായേൽ ഭീഷണിയെ തുടർന്ന് വിവിധ രാജ്യങ്ങൾ നിർത്തിവെച്ചതും ഗസ്സയിൽ കടുത്ത പട്ടിണിക്കും മാനുഷികപ്രതിസന്ധിക്കും ഇടയാക്കിരിക്കുകയാണ്.
വ്യാഴാഴ്ച കമാൽ അദ്‌വാൻ ഹോസ്പിറ്റലിലെ നാല് കുട്ടികളാണ് പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ചതെന്ന് ഖുദ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചയും ഇതേ ആശുപത്രിയിൽ നാലുകുട്ടികൾ പട്ടിണികിടന്ന് മരണപ്പെട്ടിരുന്നു. അതേദിവസം അൽ ശിഫ മെഡിക്കൽ കോംപ്ലക്‌സിൽ രണ്ട് കുട്ടികളും മരിച്ചതായി മന്ത്രാലയം അറിയിച്ചു.
വടക്കൻ ഗസ്സയിൽ മാനുഷിക ദുരന്തം ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അൽ ഖുദ്ര പറഞ്ഞു. കൂടുതൽ കുട്ടികൾ മരിക്കുന്നത് തടയാൻ അടിയന്തര സഹായം വേണമെന്ന് കമാൽ അദ്‍വാൻ ഹോസ്പിറ്റൽ ഡയറക്ടർ അഹ്മദ് അൽ കഹ്‌ലൂത്ത് പറഞ്ഞു.
പോഷകാഹാരക്കുറവിനെ തുടർന്ന് നിരവധി കുരുന്നുകൾ കമാൽ അദ്‌വാൻ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗത്തിൽ ചികിത്സയിലുള്ളതായി മാധ്യമപ്രവർത്തകൻ ഇബ്രാഹിം മുസലം അറിയിച്ചു. ഇന്ധനക്ഷാമം മൂലമുണ്ടാകുന്ന വൈദ്യുതി മുടക്കം കാരണം ഉപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.