തിരുവനന്തപുരം: സംസ്ഥാനത്തെ ബി.എസ്സി നഴ്സിങിന് പ്രവേശന പരീക്ഷ നടത്താൻ സർക്കാർ തീരുമാനം. 2024-25 അധ്യയന വര്‍ഷം മുതല്‍ ഈ രീതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിലവിൽ പ്ലസ് ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് വഴിയാണ് പ്രവേശനം നടക്കുന്നത്.
എന്നാൽ ബി.എസ്സി നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷ വഴിയാക്കണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ എല്ലാ സംസ്ഥാനങ്ങൾക്കും കഴിഞ്ഞ വർഷം തന്നെ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഏതാനും സംസ്ഥാനങ്ങൾ ഇതിനോടകം പ്രവേശന നടപടികൾ എൻട്രസ് പരീക്ഷ രീതിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ കേരളം പഴയ മാതൃകയാണ് പിന്തുടർന്നിരുന്നത്.
ചില സംസ്ഥാനങ്ങൾ എൻട്രസിലേക്ക് കടക്കുകയും എന്നാൽ കേരളത്തിലടക്കം പഴയ രീതി തുടരുകയും ചെയ്യുന്നത് വിദ്യാർഥികൾക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. കോഴ്സിന് അംഗീകാര പ്രശ്നമുണ്ടാകുമോ എന്നതായിരുന്നു ആശങ്ക. ഇതിനിടെ ഈ വർഷം വീണ്ടും നഴ്സിങ് കൗൺസിലിൽനിന്ന് വീണ്ടും സർക്കുലർ ലഭിച്ചു.
ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് സംസ്ഥാനത്തും ബി.എസ്സി നഴ്സിങിന് പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചത്. റാങ്ക് പട്ടിക തയാറാക്കി സംവരണം മാനദണ്ഡങ്ങൾ പാലിച്ചാകും ഇനി പ്രവേശനം. അതേസമയം ഏത് ഏജൻസി വഴി പരീക്ഷ നടത്തണമെന്നത് തീരുമാനിച്ചിട്ടില്ല. സംസ്ഥാന എൻട്രൻസ് പരീക്ഷ കമീഷണറേറ്റിനേയോ എൽ.ബി.എസിനേയോ ഏൽപിച്ചേക്കുമെന്നാണ് വിവരം.