ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണ് ആസ്ത്മ. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു. ശ്വാസംമുട്ടല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.
തണുപ്പുക്കാലത്ത് ആസ്‍ത്മ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം തണുപ്പുകാലത്തു ആസ്‍ത്മയുടെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം. തണുപ്പു ഏല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക, തണുപ്പുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് അടിസ്ഥാനമായി ചെയ്യേണ്ട കാര്യങ്ങള്‍. ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. തലയിണകൾ, മെത്തകൾ, കംഫർട്ടറുകൾ എന്നിവ പൊടിപടലങ്ങൾ കടക്കാത്ത കവറുകൾ ഉപയോഗിച്ച് പൊതിയുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. പുകവലി ഒഴിവാക്കുകയും അതുപോലെ പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുക.
തണുപ്പുകാലത്ത് ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ…
പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങള്‍, ചായ, കാപ്പി, മധുരം, ഉപ്പ്, സോഡ, തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ ആസ്ത്മ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.