തിരുവനന്തപുരം : ലോകായുക്ത സിറിയക് ജോസഫിനെ പരിഹസിച്ച് മുൻ മന്ത്രി കെ ടി ജലീൽ വീണ്ടും രംഗത്ത്. ചെയ്ത പാപത്തിന്റെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാമെന്നാണ് ജലീലിന്റെ പരിഹാസം. മഹാത്മാ ഗാന്ധിയുടെ കരങ്ങളിൽ കൊടുത്ത ആയുധം തിരിഞ്ഞു മറിഞ്ഞെത്തിയത് ഗോദ്സെയുടെ കയ്യിലാണ്. സമൂഹ നൻമ ലാക്കാക്കി അത് തിരിച്ചു വാങ്ങിയിരിക്കുകയാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഇനി സ്വന്തം ഭാര്യാ സഹോദരീ ഭർത്താവിന്റെ ജേഷ്ഠൻ ഫാദർ കോട്ടൂർ ഉൾപ്പടെയുളള അഭയ കേസിലെ പ്രതികളുടെ ശിക്ഷാ കാലാവധി കുറക്കാനുള്ള “യുദ്ധ”ത്തിൽ പൂർണ്ണമായും വ്യാപൃതനാകാം. ഒപ്പം സഹോദര പുത്രിയെ ഉത്തുംഗ പദവിയിൽ എത്തിക്കാനുള്ള കരുനീക്കങ്ങളിൽ സജീവവുമാകാം എന്നും ജലീൽ പറയുന്നു. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ട പശ്ചാത്തലത്തിലാണ് ജലീലിന്റെ പോസ്റ്റ്.