മൈസൂരു : കർണാടകയിലെ ശ്രീരംഗപട്ടണ താലൂക്കിൽ ഒരു കുടുംബത്തിലെ നാലുകുട്ടികളടക്കം അഞ്ചുപേരെ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തി. താലൂക്കിലെ കെ.ആർ.എസ്. ഗ്രാമത്തിലുള്ള ബാസർ ലെയ്നിൽ ശനിയാഴ്ച രാത്രിയാണ് ദാരുണസംഭവം. ഞായറാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. ഗുജറാത്ത് സ്വദേശികളായ ലക്ഷ്മി (32), മക്കളായ രാജു (12), കോമൾ (ഏഴ്), കുണാൽ (നാല്), ലക്ഷ്മിയുടെ സഹോദരന്റെ മകൻ ഗോവിന്ദ (എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 40 വർഷമായി രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ഒട്ടേറെ കുടുംബങ്ങൾ കുടിയേറിപ്പാർത്തിരിക്കുന്ന സ്ഥലമാണ് ബാസർ ലെയ്ൻ. തുണിവ്യാപാരിയായ ലക്ഷ്മിയുടെ ഭർത്താവ് ഗംഗാറാം സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ജോലിയുടെ ആവശ്യത്തിനായി പുറത്തുപോയ ഇയാൾ വിവരമറിഞ്ഞ് പിന്നീട് വീട്ടിലെത്തി.
രാവിലെ 8.30-ന് ബന്ധുക്കൾ ഉൾപ്പെടെയുള്ള ഏതാനും അയൽവാസികൾ ഗംഗാറാമിന്റെ വീട്ടിലെത്തി ലക്ഷ്മിയെ വിളിച്ചിരുന്നു. എന്നാൽ, ആരുംതന്നെ പുറത്തുവന്നില്ല. ഇതിനിടെ പ്രധാന വാതിൽ അല്പം തുറന്നുകിടക്കുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വീടിനകത്ത് കയറിയപ്പോഴാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്. ലക്ഷ്മിയുടെയും മക്കളുടെയും മൃതദേഹങ്ങൾ ഒരു മുറിയിലും ഗോവിന്ദയുടേത് മറ്റൊരു മുറിയിലുമായിരുന്നു. തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് വീടിനുസമീപം ഒട്ടേറെപ്പേർ തടിച്ചുകൂടിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. എല്ലാവരുമായി സൗഹാർദത്തിലാണ് ഗംഗാറാമിന്റെ കുടുംബം കഴിഞ്ഞിരുന്നതെന്ന് അയൽവാസികളും ബന്ധുക്കളും പറയുന്നു.
ദക്ഷിണമേഖലാ ഐ.ജി. പ്രവീൺ മധുകർ പവാർ, ജില്ലാ പോലീസ് മേധാവി എൻ. യതീഷ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. വിരലടയാളവിദഗ്ധരും ശ്വാനസേനയും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ അലമാര തുറന്നുകിടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കെ.ആർ.എസ്. പോലീസ് കേസെടുത്തു.