ദുംക: അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ജാർഖണ്ഡിലാണ് രാജ്യത്തിന് തന്നെ അപമാനകരമായ സംഭവം അരങ്ങേറിയത്. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ദുംകയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഭർത്താവിനൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു യുവതി. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇരുവരും ഹൻസ്ദിഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’ ഗ്രാമത്തിലെ ടെൻ്റിലാണ് താമസിച്ചിരുന്നത്.
വെള്ളിയാഴ്ച ദമ്പതികൾ ബിഹാറിലെ ഭഗൽപൂരിലേക്ക് പോകുന്നതിനിടെയാണ് യുവതി പീഡനത്തിനിരയായത്. ക്രൂര പീഡനത്തിനിരയായ യുവതി ഇപ്പോൾ സരയാഹട്ടിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും ദുംക പൊലീസ് സൂപ്രണ്ട്.












