ദില്ലി : അധികാരത്തില്‍ എത്തിയാല്‍ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മാറ്റുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനൊപ്പം, ടൂറിസത്തിന് വിപുലമായ ഉത്തേജനം നല്‍കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഹരിദ്വാറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് അയോധ്യ ദര്‍ശനനവും മുസ്ലീങ്ങള്‍ക്ക് അജ്മീര്‍ ഷെരീഫ് ദര്‍ശനവും സുഗമമാക്കും, ഡല്‍ഹിയിലെ ഉദാഹരണം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ”മുഖ്യമന്ത്രി തീര്‍ത്ഥ യാത്രാ യോജന” 40,000 ത്തോളം ആളുകളെ രാജ്യത്തെ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച കെജ്രിവാള്‍, സംസ്ഥാനത്ത് വലി മാറ്റമുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി സത്യസന്ധമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നും അഴിമതി ഇല്ലാതാക്കാന്‍ സാധിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും ആവശ്യങ്ങള്‍ക്കായി പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.