ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിനിരയായവർക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഘടകമാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് താമസിച്ചിരുന്ന സ്ഥലങ്ങളിലെ വോട്ടർ പട്ടികയിൽ പേരുള്ളവർക്കാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം നൽകുക. ഓരോ പാർലമെൻറ് മണ്ഡലത്തിനും വെവ്വേറെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചായിരിക്കും പോളിങ്. പ്രത്യേക പോളിങ് സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിൽ എണ്ണും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് കമീഷൻ ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം മേയ് മൂന്നിന് ആരംഭിച്ച സംഘർഷത്തെ തുടർന്ന് 50,000 ത്തിലധികം ആളുകൾ എട്ട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്