ആലപ്പുഴ> പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കയർഫെഡ് കയർവില നൽകുന്നില്ലെന്ന മാധ്യമവാർത്ത അടിസ്ഥാനരഹിതമാണെന്ന് കയർഫെഡ് പ്രസിഡന്റ് ടി കെ ദേവകുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കയർഫെഡിനെ ഇകഴ്‌ത്തിക്കാണിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് വാർത്തയ്ക്ക് പിന്നിൽ. കയർഫെഡിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ കയർ സംഭരണം 1,14,556 ക്വിന്റലാണ്. ഇതുവരെ 1,10,000 ക്വിന്റൽ സംഭരിച്ചു.
ഈ സാമ്പത്തിക വർഷത്തെ കയർ സംഭരണം മാർച്ചിൽ അവസാനിക്കുമ്പോൾ 1,25,000 ക്വിന്റലിനു മുകളിലെത്തും. വസ്‌തുത ഇതായിരിക്കെയാണ് കയർ ഉൽപ്പാദനത്തിൽ കുറവുണ്ടായി എന്ന കള്ളം പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്നത്.
കായംകുളം പ്രൊജക്ടിൽ നിന്ന് 2022–-2023 സാമ്പത്തിക വർഷം കയർഫെഡ് 50,646 ക്വിന്റൽ കയർ സംഭരിച്ചു. ഈ വർഷം ഇതുവരെ 44,301 ക്വിന്റൽ സംഭരിച്ചു. കയർ സംഭരിച്ച വകയിൽ കയർ സംഘങ്ങൾക്ക് നൽകുവാനുള്ള വിലയിനത്തിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 12.12 കോടി നൽകി. കായംകുളം പ്രൊജക്ടിൽ മാത്രം 4. 50 കോടി നൽകി.
കയർഫെഡ് സംഘങ്ങൾക്ക് ചകിരി വിതരണം ചെയ്യുന്നില്ലെന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. ഫെബ്രുവരിയിൽ മാത്രം 175 ടൺ ചകിരി, ആവശ്യപ്പെട്ട കയർസംഘങ്ങൾക്ക് നൽകി. ചകിരി ഉൽപ്പാദക യൂണിറ്റുകൾക്ക് ഡിസംബർ, ജനുവരി,ഫെബ്രുവരി മാസങ്ങളിലായി വിലയിനത്തിൽ 75 ലക്ഷം രൂപ നൽകി. ചകിരി വില കുടിശ്ശിക മില്ലുകൾക്ക് നൽകാനില്ലാതിരിക്കെ വില നൽകുന്നില്ലെന്ന വാർത്തയും വാസ്തവമല്ല.
ഇപ്പോൾ വിപണിയിൽ വൈക്കം കയറിനാണ് ഡിമാന്റ്. ആറാട്ടുപുഴ കയർ കയർഫെഡിന്റെ ഗോഡൗണിൽ സ്റ്റോക്ക് കൂടിയ സാഹചര്യത്തിലാണ് ആറാട്ടുപുഴ കയർ പിരിക്കുന്നത് താൽക്കാലികമായി നിർത്തി ഡിമാന്റുള്ള വൈക്കം കയർ ഉൽപ്പാദിപ്പിക്കണമെന്ന് സംഘങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഈ ഭരണസമിതി അധികാരത്തിൽ വരുമ്പോൾ പ്രവർത്തനരഹിതവും ഭാഗീകവുമായി പ്രവർത്തിച്ചിരുന്ന അഞ്ചോളം ഉൽപ്പാദന യൂണിറ്റുകൾ പുനരുദ്ധരിച്ചത് അഭിമാനാർഹമാണ്. വസ്തുതകൾ ഇതായിരിക്കെ തെറ്റായ വാർത്തകൾ സഹകാരികളും കയർ തൊഴിലാളികളും തള്ളിക്കളയണമെന്ന് ടി കെ ദേവകുമാർ അറിയിച്ചു.