ദില്ലി: ടയർ കമ്പനികൾ ഒത്തു കളിച്ച് വില കൂട്ടിയ സംഭവം പാർലമെൻറിലുന്നയിക്കാൻ പ്രതിപക്ഷം. ഒത്തുകളിച്ച അഞ്ച് കമ്പനികൾക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ 1788 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഓൾ ഇന്ത്യ ടയർ ഡിലേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിലായിരുന്നു നടപടി.
അപ്പോളോ, എംആർഎഫ്, സിയറ്റ്, ബിർള, ജെകെ എന്നീ അഞ്ച് കമ്പനികൾക്കെതിരയായിരുന്നു നടപടി. നിയമം ലംഘിച്ച് ടയറിന് ക്രമാതീതമായി വില കൂട്ടി ലാഭം കൊയ്തു എന്ന് കണ്ടെത്തിയതിന് പിന്നാലെ ആണ് കോംപറ്റീഷൻ കമ്മീഷൻ കമ്പനികൾക്കുമേൽ പിഴ ചുമത്തിയത്.
2008 നും 2012 നും ഇടയിൽ റബറിന് വില കൂടിയപ്പോഴൊക്കെ കമ്പനികൾ ടയറു വില ആനുപാതികമായി ഉയർത്തി. എന്നാൽ റബറിൻറെ വില ഇടിഞ്ഞപ്പോൾ ടയറിൻറെ വില കുറയ്ക്കാൻ തയ്യാറായില്ല എന്ന് കമ്മീഷൻ കണ്ടെത്തി. കമ്പനികൾ ഒത്തുകളിച്ചാണ് വില കൂട്ടിയതെന്നും കമ്മീഷൻറെ വിധിയിൽ പറയുന്നു. എംആർഎഫിന് 622 കോടി അപ്പോളോ ടയേഴ്സിനു 425 കോടി, സിയറ്റ് 252 കോടി, ജെകെ ടയേർസ് 309 കോടി, ബിർല ടയർസ് 178 കോടി എന്നിങ്ങനെയാണ് പിഴ. ഈ തുക അടിയന്തരമായി ഈടാക്കിയില്ലെങ്കിൽ വിഷയം പാർലമെൻറിൻ ഉന്നയിക്കുമെന്ന് ടിഎൻ പ്രതാപൻ എംപി വ്യക്തമാക്കി.
കമ്പനികളിൽ നിന്ന് വിവരങ്ങൾ കൃത്യമായി ശേഖരിക്കാത്തതിൻറെ പേരിൽ ഓട്ടോമോട്ടീവ് ടയർ മാനുഫേക്ചേഴ്സ് അസോസിയേഷന് മേൽ 84 കോടിയും ചുമത്തിയിരുന്നു. ആരോപണങ്ങൾ തള്ളിയ കമ്പനികൾ വിധഇക്കെതിരെ കോടതിയെ സമീപിച്ചു. 2018ൽ കമ്മീഷൻ വിധി പുറപ്പെടുവിച്ചെങ്കിലും എംആർഎഫ് തമിഴ്നാട് ഹൈക്കോടതിയെ സമീപിച്ചതിനാൽ തുടർ നടപടികൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ആറിന് ഹൈക്കോടതി എംആർഎഫിൻറെ ഹർജി തള്ളി. 28ന് കേസ് സുപ്രീംകോടതിയിലെത്തിയെങ്കിലും ആ ഹർജിയും തള്ളി.