കോഴിക്കോട്: കോഴിക്കോട് സൗത്ത് കൊടുവള്ളിയിയിൽ ബൈക്കപകടത്തിൽ മരിച്ച യുവാക്കളെ തിരിച്ചറിയാൻ പൊലീസ് ശ്രമം തുടങ്ങി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ടു ഫോണുകൾ കണ്ടെത്തി. ഫോണിൽ നിന്നും കിട്ടിയത് ആലുവ സ്വദേശി ആയ വിലാസമെന്ന് സൂചനയുണ്ട്. ബൈക്കിന്റെ നമ്പർ പ്ളേറ്റ് കത്തിയ നിലയിലാണ്. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിയ നിലയിലാണ്. യാത്രക്കാരിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്നെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. നിയന്ത്രണം വിട്ട് ഇലക്ട്രിക് ബൈക്കിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തിയിരുന്നു. മരിച്ച രണ്ട് യുവാക്കൾക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇരുവരെയും തിരിച്ചറിയാൻ സാധിക്കാത്ത നിലയിലാണ് മൃതദേഹമുള്ളത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഫോണിൽ നിന്ന് ലഭിച്ച വിലാസം ഉപയോഗിച്ച് മരിച്ച രണ്ട് പേരെയും തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷ.